ഇനിയും വൈകിക്കൂട
കേരളത്തില്‍ എന്തുചെയ്യണമെന്നറിയാതെ കൈയും കാലുമിട്ടടിക്കുന്ന കുറേ മതസംഘടനകളുണ്ട്. എല്ലാവര്‍ക്കുമുണ്ട് വിദ്യാര്‍ഥി സംഘടനകള്‍. പാളം തെറ്റിയ ഇളംതലമുറയെ നേര്‍മാര്‍ഗത്തിലെത്തിക്കാനെന്ന പേരില്‍ പാളംതെറ്റാത്ത ഇളം തലമുറയെ വിളിച്ചുകൂട്ടി പദ്ധതികള്‍ പ്രസംഗിച്ചു കാലം തീര്‍ക്കുകയാണു പലരും.
ആദ്യമേ തൊപ്പിവച്ചു നന്നായവര്‍ ഇതൊക്കെ കേട്ട് താടികൂടി വെക്കാന്‍ അവ കാരണമാകാറുണ്ടെങ്കിലും പള്ളിയും പടിഞ്ഞാറുമില്ലാത്ത മൃഗീയഭൂരിപക്ഷത്തിലേയ്ക്ക് ഈ സന്ദേശം ഒട്ടുമെത്താറില്ല, കോടികള്‍ ധൂര്‍ത്തടിച്ചു കടപ്പുറങ്ങളില്‍ ആള്‍കൂട്ടങ്ങളുടെ 'മരുപ്പറമ്പുകള്‍' തീര്‍ക്കുന്ന സംഘാടകരും കാലം തീര്‍ക്കുന്നു.
മതസംഘടകള്‍ക്കു ചെയ്യാന്‍ പറ്റുന്ന വലിയൊരു ദൗത്യമുണ്ട്. കേരളത്തിലെ എല്ലാ യൂനിവേഴ്‌സിറ്റികളുടെയും പ്രധാന സര്‍ക്കാര്‍ പ്രൊഫഷനല്‍ സ്ഥാപനങ്ങളുടെയും സമീപം ഹോസ്റ്റലുകള്‍ പണിതു ചുരുങ്ങിയ വാടകയില്‍ റെഗുലര്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചു മനഃശാസ്ത്രപരമായി അവരിലേയ്ക്ക് ഇസ്ലാമികാവബോധവും സാമുദായികപ്രതിബദ്ധതയും സാന്നിവേശിപ്പിക്കുക. സത്യത്തില്‍ മത,ഭൗതിക സമന്വയസ്ഥാപനങ്ങളില്‍ പഠിക്കുന്നവരെക്കാള്‍ ഭക്തിയും ജീവിത ശുദ്ധിയും റെഗുലര്‍ കോളജുകളിലെ ധാര്‍മിക ബോധമുള്ളവരിലാണ്. ഇവരെ ഉപയോഗപ്പെടുത്തി സമുഹത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഒരിക്കലും കേവല മുസ്‌ലിയാര്‍ കുട്ടികളെക്കൊണ്ടു സാധിക്കില്ല.
ഒരുദാഹരണത്തിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററിനടുത്തുള്ള അനക്‌സ് പള്ളിയില്‍ മഗ്‌രിബിന് കൂടിയാല്‍, തുടര്‍ന്നു ദീര്‍ഘനേരം ഖുര്‍ആന്‍ ഓതുന്ന ന്യൂജന്‍ സന്താനങ്ങളെ കാണാം. അവരൊക്കെ കോഴിക്കോട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. കോഴിക്കോട് മുജാഹിദുകാരുടെ യൂത്ത് സെന്റര്‍ ഹോസ്റ്റലില്‍ പോയാലും ഇതേ ദൃശ്യങ്ങള്‍ കാണാം. അതേ സമയം നമസ്‌കാര ശേഷം നേരേ മൊബൈല്‍ ഫോണ്‍ ഓണാക്കുന്ന അനുഭവമാണ് കോഴിക്കോട്ടെ മുതഅല്ലിമിങ്ങളില്‍നിന്ന് പലപ്പോഴും കാണാറുള്ളത്.
റഹീം, വാവൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."