മൂന്നാര്‍ സ്‌പെഷല്‍ ട്രിബ്യൂണല്‍ ഓഫിസില്‍ അതിക്രമം
തൊടുപുഴ: മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസില്‍ എം.എല്‍.എ യുടേയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതായി ആക്ഷേപം. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഓഫിസില്‍ അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ജൂലൈ 24 മുതല്‍ മൂന്നാര്‍ സ്‌പെഷല്‍ ട്രിബ്യൂണല്‍ സിറ്റിങ് നിര്‍ത്തിയിരുന്നെങ്കിലും ഏഴ് ജീവനക്കാര്‍ ഇവിടെ ജോലി നോക്കി വന്നിരുന്നു. രണ്ടു നിലകളിലായാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഉച്ചയോടെ രണ്ടാം നിലയില്‍ കയറിയ സംഘം മുറികളുടെ താഴുകള്‍ തകര്‍ത്ത് ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു.
രേഖാമൂലം മുറി ഏറ്റെടുക്കുന്ന കാര്യം എഴുതി തരണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരെ സംഘം വിരട്ടി ഓടിക്കുകയായിരുന്നു. പൊലിസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരുടെ പക്കല്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത് നീക്കം ചെയ്തു.
അതേ സമയം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. കോളജിന് വേണ്ടി ഇത് ഏറ്റെടുത്തതാണെന്നാണ് എം.എല്‍.എ പറയുന്നത്. ഇങ്ങനെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത് രീതി പുതിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് തഹസില്‍ദാരുടെയും എം.എല്‍.എയുടെയും പേരില്‍ കേസ് എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ട്രിബ്യൂണലിന്റെ ചില രേഖകള്‍ തട്ടിയെടുക്കുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മൂന്നാര്‍ പൊലിസ് നല്‍കുന്ന വിവരം.
സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി ഇടുക്കി ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."