കയര്‍മേഖലയ്ക്ക് തിരിച്ചടിയായി പ്രളയക്കെടുതി
വൈക്കം: നിലനില്‍പിനായി കേഴുന്ന കയര്‍ മേഖലയ്ക്ക് പ്രളയക്കെടുതി സമ്മാനിച്ചത് ദുരന്തപൂര്‍ണമായ വെല്ലുവിളികളാണ്. വൈക്കത്തിന്റെ സമൂഹ്യപുരോഗതിയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള കയര്‍ മേഖലയെ വെള്ളപ്പൊക്കം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. വൈക്കത്തിന്റെ തനതു പരമ്പരാഗത വ്യവസായങ്ങളില്‍ പ്രഥമ സ്ഥാനമുണ്ടായിരുന്ന ഒന്നാണ് കയര്‍ വ്യവസായം. കേരളത്തിലെ ആദ്യസര്‍ക്കാരിന്റെ കാലത്തുതന്നെ വൈക്കത്ത് കയര്‍ സംഘങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ആദ്യകാലത്ത് കൊപ്ര വ്യവസായ മേഖലയില്‍ നിന്ന് സംഘത്തിന് ആവശ്യമുള്ള തൊണ്ട് നേരിട്ട് സംഭരിച്ച് അഴുക്കി തൊഴിലാളികള്‍ തന്നെ തല്ലി ചകിരിയാക്കുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഇപ്രകാരം തൊണ്ടഴുകുന്നതിന് ഓരോ കയര്‍ സഹകരണ സംഘത്തിനും അവരുടെ മൂലധനത്തില്‍നിന്ന് തുക ചെലവഴിച്ച് കേരളത്തിലെ നദീതീരങ്ങളിലെല്ലാം ഏക്കര്‍ കണക്കിന് ഭൂമിവാങ്ങി അവിടെയെല്ലാം പടവുകള്‍ (കുഴികള്‍) നിര്‍മിച്ചാണ് തൊണ്ട് അഴുക്കിക്കൊണ്ടിരുന്നത്.
കാലക്രമേണ ഈ സമ്പ്രദായം പാടേ നിലക്കുകയും കയര്‍ വ്യവസായത്തിലെ പ്രതിസന്ധി കയര്‍ സഹകരണ സംഘങ്ങളെയും ബാധിച്ചതോടെ കയര്‍ മേഖല ഏതാണ്ട് പൂര്‍ണമായി തകര്‍ച്ചയുടെ വക്കില്‍ എത്തി. ഇപ്പോള്‍ കയര്‍ സഹകരണ സംഘങ്ങള്‍ തമിഴ് നാട്ടിലെ പല മേഖലകളില്‍ നിന്നും പച്ചത്തൊണ്ടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ചകിരി കേരളത്തില്‍ എത്തിച്ചാണ് മൃതപ്രായമായ കയര്‍ വ്യവസായം അന്യം നിന്നുപോകാതെ കുറെയൊക്കെ നിലനിറുത്തുന്നത്. സാമ്പത്തികഞെരുക്കം മൂലം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ യാതൊരു മാര്‍ഗവുമില്ലാതെ സംഘം ഭരണസമിതികള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനുപുറമെയാണ് പ്രളയക്കെടുതിയില്‍ സംഘങ്ങള്‍ ശേഖരിച്ചുവെച്ചിരുന്ന ചകിരി നശിച്ചുപോയത്.
പല സംഘങ്ങളിലും ചകിരി പിരിക്കുന്ന മെഷിനുകള്‍ക്കും തകരാറുകള്‍ സംഭവിച്ചു. ഇവിടെയെല്ലാം ഇവരെ കാത്തിരിക്കുന്നത് ഇനി വെല്ലുവിളികളുടെ നാളുകളാണ്.
പ്രയോജനരഹിതമായി കിടക്കുന്ന ഭൂമികള്‍ വില്‍ക്കുവാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ഇപ്പോഴത്തെ ഈ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കയര്‍ സംഘങ്ങള്‍ കുറച്ചു പുരോഗതിയിലേക്ക് വരുന്നതിന് സഹായകരമാകും.
അതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തോട്ടം വ്യവസായ മേഖലയിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കുത്തകമുതലാളിമാര്‍ കൈയടക്കിയതുപോലെ കയര്‍ സംഘങ്ങളുടെ ഭൂമിയും കാലക്രമത്തില്‍ അന്യര്‍ കൈയ്യടക്കുമെന്നുള്ളത് ഒരു യാഥാര്‍ഥ്യമാകാന്‍ അധികകാലം വേണ്ടി വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."