മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന 24ന്
തൃശൂര്‍: സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഈ മാസം 24ന് നടത്തും.
റീജ്യനല്‍, സബ് റീജ്യനല്‍ ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരിക്കും പരിശോധന. പരിശോധനക്ക് മുന്‍പായി ബസുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണമെന്ന് മോട്ടോര്‍ വാഹനകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമേ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ റോഡുകളില്‍ പ്രത്യേക പരിശോധന നടത്തും.
സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ ജീപ്പുകള്‍, ഓട്ടോറിക്ഷകള്‍, വാനുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തും. രാവിലേയും വൈകിട്ടും പരിശോധനക്കായി സ്‌ക്വാഡ് രംഗത്തിറങ്ങും. 24ന് നടക്കുന്ന ടെസ്റ്റില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിന് നിര്‍ദേശം നല്‍കും. സമയപരിധിക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബസുകളുടെ ഫിറ്റ്‌നസ് ഒഴിവാക്കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത ക്രമീകരിക്കുന്ന സ്പീഡ് ലിമിറ്റര്‍ ബസുകളില്‍ ഘടിപ്പിക്കണം.
വാഹനഡ്രൈവിങില്‍ പത്ത് വര്‍ഷത്തിന് മുകളിലും ഹെവി വാഹന ഡ്രൈവര്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഡ്രൈവിങ് പരിചയം വേണം. സ്‌കൂള്‍ ബസ് എന്ന് മുന്‍വശത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തണം. ഓരോ വാഹനത്തിനും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തണം.
കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂളിലും അതിന്റെ പകര്‍പ്പ് വാഹനത്തിലും സൂക്ഷിക്കണം. ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."