സി.പി.എം പുറത്താക്കിയ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലേക്ക്
കൊച്ചി: സി.പി.എം പുറത്താക്കിയ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും സി.പി.എം ഇടപ്പള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന എം.പി മഹേഷ്‌കുമാര്‍ കോണ്‍ഗ്രസിലേക്ക്. തനിക്കൊപ്പം നൂറോളം സി.പി.എം അനുഭാവികള്‍ ഉണ്ടെന്നും മഹേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ജി.സി.ഡി.എയിലെ കരാര്‍ അഴിമതി ചോദ്യം ചെയ്തതിന് അന്നത്തെ ചെയര്‍മാന്‍ സി.എന്‍ മോഹനനും, അടിസ്ഥാന രഹിതമായ ആരോപണം ഒരു വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ ഉന്നയിക്കാഞ്ഞതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി.എം ദിനേശ് മണിക്കും ഉണ്ടായ ശത്രുതയാണ് പാര്‍ട്ടിയില്‍ നിന്നുള്ള തന്റെ പടിയിറക്കത്തിനു കാരണമായതെന്നും മഹേഷ്‌കുമാര്‍ ആരോപിച്ചു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 2017 ലെ അണ്ടര്‍ 17 ഫുട്ബാളിനു മുന്നോടിയായി നടന്ന നിര്‍മാണ പ്രവൃത്തികളുടെ കരാറിലാണ് തിരിമറി നടന്നത്. അത് ചോദ്യം ചെയ്തതാണ് സി.എന്‍ മോഹനന്റെ ശത്രുതക്കു കാരണം.
പ്രമുഖ വ്യവസായിയുടെ ഇടപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിനെതിരേ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ആരോപണം ഉന്നയിക്കണം എന്ന ആവശ്യം നിരാകരിച്ചതാണ് ദിനേശ് മണിയുടെ ശത്രുതക്ക് വഴിവച്ചത്. ആരോപണം ഉന്നയിച്ചില്ലെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അന്നുതന്നെ ദിനേശ് മണി ഭീഷണിപ്പെടുത്തിയെന്നും മഹേഷ് പറഞ്ഞു. ഇടപ്പള്ളി ലോക്കല്‍ സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് തടഞ്ഞത് ദിനേശ് മണിയാണ്. ഏരിയാ സമ്മേളനത്തിലും ഇത്തരത്തില്‍ തന്നെ ഒഴിവാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അംഗത്വം പുതുക്കിയതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും കുന്നുംപുറം വെസ്റ്റ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. ഏറ്റവും ഒടുവില്‍ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ലെന്നു ചുണ്ടിക്കാട്ടിയാണത്രേ മഹേഷിനെ പുറത്താക്കിയത്. ഇതിന്റെയൊക്കെ പിന്നില്‍ ദിനേശ് മണിയും സി.എന്‍ മോഹനും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ്.
പുറത്താക്കിയതിനു പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സി.പി.എം ഭീഷണിപ്പെടുത്തുന്നതായും മഹേഷ് ആരോപിക്കുന്നു. ജില്ലാ സി.പി.എമ്മില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മിഷന്‍ പാര്‍ട്ടിയാണത്. കോംപ്ലക്‌സുള്ളവരുടെ പാര്‍ട്ടിയായി സി.പി.എം മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും മഹേഷ്‌കുമാര്‍ വ്യക്തമാക്കി. അതേസമയം, മഹേഷിനെ പുറത്താക്കിയിട്ടില്ലെന്ന സി.പി.എമ്മിന്റെ പ്രസ്താവന തെറ്റാണെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."