അന്വേഷണ സംഘത്തിന് മുന്നില്‍ പരാതിക്കാരി ഹാജരായില്ല
ആര്‍പ്പൂക്കര: തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് കാന്‍സര്‍ ചികിത്സ നടത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉന്നതതല സംഘത്തിന് മുന്നില്‍ പരാതിക്കാരി ഹാജരായില്ല. തനിക്ക് രേഖാമൂലം അറിയിപ്പ് കിട്ടാത്തതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം കത്ത് ഇന്നലെ ഇവരുടെ വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകനോട് ആലോചിക്കാതെ എത്താന്‍ കഴിയില്ലെന്നും അറിയിച്ചതോടെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗത്തിലായിരുന്നു തെളിവെടുപ്പ്. മാവേലിക്കര സ്വദേശിനിയായ രജനി (38) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പതോളജി മേധാവി.ഡോ.രമാ പ്രിയദര്‍ശിനി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ എത്തിച്ചേരാന്‍ രജനിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എത്തിച്ചേരാമെന്ന് രജനി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്നലെ രാവിലെ മൂന്നംഗ മെഡിക്കല്‍ സംഘം കോട്ടയം മെഡിക്കല്‍ കോളജിലെത്തി. പറഞ്ഞ സമയം പിന്നിട്ടിട്ടും രജനിയെ കാണാതിരുന്നതിനെ തുടര്‍ന്ന് സംഘത്തിലെ ഡോക്ടര്‍ രജനിയെ ഫോണില്‍ വിളിച്ചു. എന്നാല്‍ തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ വരാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം പ്രിന്‍സിപ്പലിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. പി ജയകുമാറിനെ കൊണ്ട് രജനിക്കുള്ള കത്ത് തയാറാക്കി. പ്രത്യേക പ്രതിനിധി വഴി രജനിക്ക് കൈമാറി. രേഖ കൈപ്പറ്റിയ രജനി, തനിക്ക് പനിയും ശാരീരിക അസ്വസ്ഥതയുമുള്ളതിനാലും വക്കീല്‍ എത്തിച്ചേരാത്തതിനാലും ഉടനെ വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഓങ്കോളജി മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ. സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി ഒന്‍പതോടെ സംഘം മടങ്ങുകയായിരുന്നു. രജനിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
മാറിടത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 28നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ രജനി എത്തിയത്. സ്വകാര്യ ലാബില്‍ നടത്തിയ ബയോപ്‌സിയിലും, മാമോഗ്രാമിലും കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ കീമോതെറാപ്പി ചെയ്തു. കീമോചികിത്സ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് മെഡിക്കല്‍ കോളജ് പതോളജി ലാബില്‍ നിന്നും കാന്‍സര്‍ ഇല്ലെന്നുള്ള പരിശോധനാ ഫലം ലഭിച്ചത്. തുടര്‍ന്ന് കാന്‍സര്‍ ചികിത്സ നിര്‍ത്തിവച്ച് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. ഇല്ലാത്ത രോഗത്തിന് കാന്‍സര്‍ ചികിത്സ നടത്തിയെന്ന പേരില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരേയും രണ്ടു സ്വകാര്യ ലാബിനെതിരേയും രജനി പൊലിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."