നവവരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; കല്യാണപ്പന്തലില്‍ കാമുകിയുടെ ഞെട്ടിപ്പിക്കുന്ന പ്രതികാരം
ലഖ്നൗ: കല്യാണപ്പന്തലില്‍ റിവോള്വറുമായെത്തി യുവതി തട്ടിക്കൊണ്ടുപോയത് നവവരനെ. വിവാഹവാഗ്ദാനം ലംഘിച്ച് പുതിയ വിവാഹത്തിനൊരുങ്ങിയ കാമുകനെയാണ് യുവതി സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലെ ബുന്ദേല്ഖണ്ഡില്നിന്നാണ് ഈ കൗതുക വാര്‍ത്ത.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് എസ്.യു.വി കാറില്‍ രണ്ടു യുവാക്കളോടൊപ്പം വിവാഹവീട്ടിലെത്തിയ 25കാരി അശോക് യാദവെന്ന കാമുകനെ തോക്കിന്മുനയില് നിര്‍ത്തി തട്ടിക്കൊണ്ടുപോയത്. 'ഈ യുവാവ് എന്നെ സ്നേഹിക്കുന്നുണ്ട്. പുതിയ പെണ്ണിനെ വിവാഹം കഴിച്ച് എന്നെ വഞ്ചിക്കുകയാണിയാള്. ഇത് ഞാന്‍ സമ്മതിക്കില്ല' എന്നു പറഞ്ഞാണ് യുവതി അശോകിന്റെ പുതിയ വിവാഹശ്രമം തടഞ്ഞത്.
മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ അശോക് പരിചയപ്പെടുന്നതും പരസ്പരം പ്രണയത്തിലാകുന്നതും. തുടര്‍ന്ന് രഹസ്യമായി ഇവര്‍ വിവാഹിതരായിരുന്നെങ്കിലും കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് ഈ ബന്ധം ഉപേക്ഷിച്ച് കുടുംബം നിര്‍ദേശിച്ച മറ്റൊരു യുവതിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മുന്‍ കാമുകിയുടെ ഞെട്ടിക്കുന്ന പ്രതികാരമുണ്ടായത്. ജോലി ആവശ്യാര്‍ഥം ഏറെകാലമായി നഗരത്തില്‍ താമസിച്ചിരുന്ന മകന് ഇങ്ങനെയൊരു ബന്ധമുള്ളതായി അറിയുമായിരുന്നില്ലെന്നും മകന്റെ ചില നീക്കങ്ങള്‍ സംശയമുണര്ത്തിയിരുന്നെന്നും അശോകിന്റെ പിതാവ് രാംഹേത് യാദവ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ വരന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭ്യമാക്കുമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ ചിലര്‍ യുവതിയുടെ നടപടിയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."