കറന്റ് ബുക്‌സിന്റെ ഓഫിസില്‍ പൊലിസ് പരിശോധന
തൃശൂര്‍: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ച തൃശൂര്‍ കറന്റ് ബുക്‌സിന്റെ ഓഫിസില്‍ പൊലിസ് പരിശോധന. സര്‍വിസ് ചട്ടലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാരെടുത്ത കേസ് നിലനില്‍ക്കേയാണ് പൊലിസ് കറന്റ് ബുക്‌സിന്റെ ഓഫിസിലെത്തി അന്വേഷണം നടത്തിയതും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതും. മാറ്റര്‍ കംപോസ് ചെയ്തവരുടെയും പ്രൂഫ് വായിച്ചവരുടെയും എഡിറ്ററുടെയും മൊഴികളെടുക്കുകയും ഓഫിസിലെ കംപ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. ജേക്കബ് തോമസുമായി കറന്റ് ബുക്‌സ് നടത്തിയ എല്ലാ ഇടപാട് രേഖകളും ഹാജരാക്കാന്‍ നോട്ടിസും നല്‍കി.
പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയിരുന്നു. പുസ്തകത്തിന്റെ കോപ്പിയടക്കം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയിരുന്നു. പുസ്തകത്തില്‍ മതസ്പര്‍ധയും കലാപവും വളര്‍ത്തുന്ന ഒന്നും തന്നെയില്ല. എന്നിട്ടും പൊലിസ് കൈക്കൊണ്ടത് ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെയുള്ള നടപടിയാണെന്നും ഇത് അപലനീയമാണെന്നും കറന്റ് ബുക്‌സ് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എഴുത്തുകാരി സാറാ ജോസഫ്, ഡോ.കെ. അരവിന്ദാക്ഷന്‍, കറന്റ് ബുക്‌സ് എം.ഡി പെപ്പിന്‍ തോമസ്, പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."