പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; ബാലാക്കോട്ടില്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരേ ഷെല്ലാക്രമണം
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. ജമ്മു കശ്മിരിലെ ബാലാകോട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ വീണ്ടും ആക്രമണം നടത്തിയത്.
ബാലാക്കോട്ടിലെ നിയന്ത്രണരേഖയിലുള്ള ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ ഇന്നലെ പുലര്‍ച്ചെ മണിക്കൂറുകളോളം പാക് സൈന്യം ഷെല്ലാക്രമണം നടത്തി. രണ്ട് ആഴ്ചയ്ക്കിടെ എട്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ആക്രമണത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ച രാത്രിയും നിയന്ത്രണരേഖയിലുള്ള രാജൗരി ജില്ലയില്‍ സൈനികകേന്ദ്രങ്ങള്‍ക്കും നാട്ടുകാര്‍ക്കും നേരെ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയിരുന്നു. അര്‍ധരാത്രി ഒരു മണി വരെ പാക് സൈന്യം ആക്രമണം തുടര്‍ന്നതായി സൈനിക വക്താവ് അറിയിച്ചു. നൗഷീറ സെക്ടറില്‍ ചൊവ്വാഴ്ച പാക് സൈന്യം നടത്തിയ ആക്രമണം വൈകിട്ട് ഒന്‍പതുവരെ തുടര്‍ന്നു. 32 മി.മീറ്റര്‍, 120 മി.മീറ്റര്‍ മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ക്കുനേരെ ആക്രമണം തുടരുന്നത്. രാജൗരിയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും പാക് ആക്രമണം നടന്നിരുന്നു.
അതിര്‍ത്തിയിലെ ജനവാസമേഖലയില്‍ തുടരുന്ന പാക് ഷെല്ലാക്രമണം 2,694 കുടുംബങ്ങളിലെ 10,042 പേരെയാണ് ബാധിച്ചത്. ഇതേ തുടര്‍ന്ന് 1,700ഓളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അക്രമബാധിത മേഖലയിലുള്ളവരെ ഒഴിപ്പിക്കാനായി പുതുതായി നിരവധി അഭയാര്‍ഥി ക്യാംപുകളും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.
നൗഷീറ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 14കാരിയും പിതാവും കൊല്ലപ്പെടുകയും സൈനികരടക്കം ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ വീതം നല്‍കുകയും പരുക്കേറ്റവര്‍ക്ക് മറ്റു ധനസഹായങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.
2016ല്‍ 449 തവണയാണ് പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി. ഇത് 2015ല്‍ 405 ആയിരുന്നു.
രണ്ടുവര്‍ഷത്തിനിടെ 23 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 2012നും 2016നുമിടയില്‍ 1,142 ഭീകരാക്രമണങ്ങളിലായി 236 സൈനികരും 90 തദ്ദേശവാസികളും കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു.
ഷോപിയാനില്‍ ഭീകരര്‍ക്കായി തിരച്ചില്‍
ശ്രീനഗര്‍: ദക്ഷിണ കശ്മിരില്‍ ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കശ്മിരിലെ ഷോപിയാന്‍ ജില്ലയില്‍ ആയിരത്തോളം സൈനികര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍, നാട്ടുകാര്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്.
ഷോപിയാനിലെ സൈനാപോറ മേഖലയിലുള്ള ഹെഫ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലില്‍ ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. സൈനികരുടെ നീകത്തിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാട്ടുകാര്‍ കല്ലേറ് ആരംഭിച്ചതോടെ കൂടുതല്‍ സുരക്ഷാ സൈനികരെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സൈന്യവും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ചയും ഷോപിയാനില്‍ ഭീകരര്‍ക്കായി 4,000 സൈനികര്‍ ചേര്‍ന്ന് 24ലധികം ഗ്രാമങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിനെതിരേ കല്ലെറിഞ്ഞു പ്രതിഷേധിച്ചിരുന്നു.
അതിനിടെ, ശ്രീനഗറില്‍ പൊലിസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. ശ്രീനഗറിലെ ഗാന്ധി മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പൊലിസിനുനേരെ കല്ലേറ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."