കെപ്‌കോയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന വിമുക്തഭടന്‍മാരായ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേജസ് പ്രകാരമുള്ള ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് ബാധ്യതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന വിമുക്തഭടന്‍മാരായ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേജസ് നിയമപ്രകാരം ശമ്പളം ലഭിക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ലേബര്‍ കമ്മിഷണര്‍ ഒക്‌ടോബര്‍ 22ന് കമ്മിഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
1948 ലെ മിനിമം വേജസ് നിയമത്തില്‍ നേരിട്ടോ അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേനയോ ഏതെങ്കിലും ജോലിക്ക് നിയോഗിക്കുന്ന വ്യക്തി, തൊഴില്‍ദായകന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നതിനാല്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാതെ ഒഴിഞ്ഞു മാറാനാവില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്ന ചുമതല സംസ്ഥാന വിമുക്തഭട വികസന കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് പൗള്‍ട്രി കോര്‍പ്പറേഷന്റെ വാദം.
വിമുക്തഭട കോര്‍പ്പറേഷന്‍ ഒരാള്‍ക്ക് ഒരു ദിവസം 710 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ 500 രൂപ നിശ്ചയിച്ചു. പ്രതിദിനം 500 രൂപ എന്നത് വിമുക്തഭട കോര്‍പ്പറേഷന്‍ അംഗീകരിച്ചതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് പൗള്‍ട്രി കോര്‍പ്പറേഷന്റെ വാദം.
എന്നാല്‍ കെപ്‌കോ ഫാമിലെ ജോലിക്കാര്‍ക്ക് പോലും ഇതിലധികം ശമ്പളം നല്‍കുന്നുണ്ടെന്ന് പരാതിക്കാരനായ അനില്‍കുമാര്‍ വാദിച്ചു.
സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി തൊഴില്‍ വകുപ്പ് 3817 നമ്പര്‍ ഉത്തരവ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."