റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കുന്നത്തുനാട് നിലം നികത്തലുമായി ബന്ധപ്പെട്ടു സ്വകാര്യ കമ്പനിക്കു നിലം നികത്തുന്നതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്തു. നിലം നികത്തലിനെതിരായി ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടന്നാണ് റവന്യൂ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചത്.
ഭൂമി നികത്തി സ്വകാര്യ കമ്പനിയോട് പൂര്‍വസ്ഥിതി സ്ഥാപിക്കണമെന്നു കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു മറികടന്നാണ് റവന്യൂ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. കുന്നത്തുനാടുള്ള 14 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്കു നികത്തിയെടുക്കുന്നതിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഭൂമി നികത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രാദേശിക നിരീക്ഷണ സമിതിയുടെ വിശദീകരണം തേടാതെയാണ് റവന്യൂ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കൂടാതെ ഉപഗ്രഹ ചിത്രങ്ങളും പരിഗണനയ്‌ക്കെടുത്തില്ല.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. സ്പീക്‌സ് പ്രൊപ്പര്‍ട്ടീസ് ലിമിറ്റഡിന് 2006ല്‍ നിലം നികത്തലിനു ലാന്റ് റവന്യൂ കമ്മിഷണര്‍ അനുമതി നല്‍കിയിരുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഈ ഭൂമി നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഈ ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാനത്ത് വ്യാപകമായി നിലം നികത്തലിനിടയാകുമെന്നും ഹരജിക്കാരന്‍ വാദിച്ചു. 2018 സെപ്തംബര്‍ 26നാണ് എറണാകുളം ജില്ലാ കലക്ടര്‍ നിലം നികത്തല്‍ തടഞ്ഞു ഉത്തരവു പുറപ്പെടുവിച്ചത്.
ഇതു ചോദ്യംചെയ്താണ് കമ്പനി റവന്യൂ സെക്രട്ടറിക്ക് അപ്പീല്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."