കണ്ണടച്ച് ഫിഷറീസ് വകുപ്പ്; അഷ്ടമുടിക്കായലില്‍ അനധികൃത ചീനവലകള്‍ പെരുകുന്നു
കൊല്ലം: ഫിഷറീസ് വകുപ്പ് കണ്ണടക്കുന്നതോടെ അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയായി അനധികൃത ചീനവലകള്‍ പെരുകുന്നു. ജില്ലയില്‍ ഇരുനൂറില്‍ താഴെ മാത്രം ചീനവലകള്‍ക്കാണ് ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ളത്.
അതേസമയം ആയിരത്തിലധികം ചീനവലകളാണ് അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യത്തിന്റെ അളവ് വര്‍ധിച്ചത് പിന്നാലെ അനധികൃത ചീനവലകള്‍ പെരുകുക കൂടി ചെയ്തതോടെ അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് നാശത്തിലേക്ക് നീങ്ങുകയാണ്. 2016ലെ കണക്ക് പ്രകാരം 164 ചീനവലകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്. 2010ലെ ഉള്‍നാടന്‍ മത്സ്യബന്ധന നിയമ പ്രകാരം പുതിയ ചീനവലകള്‍ക്ക് ലൈസന്‍സ് നല്‍കാനും പാടില്ല. എന്നാല്‍ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത നൂറുകണക്കിന് ചീനവലകളാണ് അഷ്ടമുടിക്കായലില്‍ പ്രവര്‍ത്തിക്കുന്നത്.
കായല്‍തീരത്തെ കല്‍കെട്ടുകളോട് ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമമെങ്കിലും ദൂരപരിധി ലംഘിച്ച് കായലിന് മധ്യഭാഗത്തുവരെ ചീനവലകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹൈവോള്‍ട്ടേജില്‍ ഇലക്ട്രിക് വിളക്കുകള്‍ ഘടിപ്പിച്ച് നടത്തുന്ന ചീനവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കരിമീനുകളെയടക്കം വംശനാശത്തിലേക്ക് നയിക്കുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളിക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ ചെറിയ മീനുകള്‍വരെ പിടിക്കപ്പെടുന്നു.
ഇപ്പോള്‍ത്തന്നെ പല ഇനം മീനുകളും കാണാനില്ലാത്ത അവസ്ഥയാണ്. വലയുടെ കണ്ണിവലിപ്പം കുറയുന്നതും ചെറുമീനുകള്‍ വലയില്‍ അകപ്പെടാന്‍ ഇടവരുത്തുന്നു. 77 ഇനം മത്സ്യങ്ങളിലുണ്ടായിരുന്ന അഷ്ടമുടിക്കായലില്‍ ഇരുപതോളം മത്സ്യഇനങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ചീനവലയില്‍ വൈദ്യുതി ഉപയോഗിക്കുന്നതും നിയമവിരുദ്ധമായാണ്. ഇത് ചോദ്യം ചെയ്യുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."