തിരഞ്ഞെടുപ്പ് ഗോദയില്‍ യോഗേശ്വര്‍ ദത്തിന് വമ്പിച്ച പരാജയം
ദില്ലി: മുന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് ഹരിയാന ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച പരാജയം. ബറോഡ മണ്ഡലത്തില്‍ ബിജെപിക്കായി ഗോദയിലിറങ്ങിയ താരം യോഗേശ്വര്‍ ദത്ത് ദയനീയ തോല്‍വിയാണ് ഏറ്റ് വാങ്ങിയത് . ഏതാണ്ട് 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ ഇന്ദുരാജിനോട് യോഗേശ്വര്‍ ദത്ത് പരാജയം സമ്മതിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ശ്രീകൃഷ്ണന്‍ ഹൂഡ അന്തരിച്ചതിനെ തുടര്‍ന്നാണ് ബറോഡ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പോയ വര്‍ഷവും ഇതെ സീറ്റില്‍ കൃഷ്ണന്‍ ഹൂഡയ്‌ക്കെതിരെയും ബിജെപി സ്ഥാനാര്‍ത്ഥിയായി യോഗേശ്വര്‍ മത്സരിച്ചിരുന്നു. എന്നാല്‍ അന്നും പരാജയം തന്നെയായിരുന്നു ഫലം.
2019 സെപ്തംബറില്‍ ബിജെപിയിലേക്ക് വന്ന യോഗേശ്വര്‍ തൊട്ടടുത്ത മാസം തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒളിംപിക്‌സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് യോഗേശ്വര്‍. 2010, 2014 കോമ്മണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര്‍ണ്ണമെഡലും 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്.
എന്നാല്‍ ഈ നേട്ടങ്ങളൊന്നും രാഷ്ട്രീയത്തില്‍ വോട്ടാക്കാന്‍ യോഗേശ്വറിനോ ബിജെപിക്കോ ആയില്ല. നരേന്ദ്ര മോദിയാണ് തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് ഊര്‍ജ്ജമായതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് തന്നെ സ്വാധീനിച്ചതെന്നും നേരത്തേ യോഗേശ്വര്‍ ദത്ത് പറഞ്ഞിരുന്നു.
യുവാക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനങ്ങളും ജനം ചെവിക്കൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."