കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യും
കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സണെ കോടതിയില്‍ ഹാജരാക്കി. ഡ്രൈവറുടെ ലൈസണ്‍സ് റദ്ദു ചെയ്യുമെന്നും മന്ത്രി അറിയിക്കുകയും ചെയ്തു. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ വെച്ച് ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് തമിഴ്‌നാട് സ്വദേശിനിക്ക് നേരെ കല്ലട ബസില്‍ വെച്ച് പീഡന ശ്രമമുണ്ടായത്. കണ്ണൂര്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയില്‍ വെച്ച് ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇടപെട്ട് വാഹനം നിര്‍ത്തിച്ചു. ബസ് ഡ്രൈവര്‍ ജോണ്‍സണ്‍ പുതുപ്പള്ളി തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി ആവര്‍ത്തിച്ചതോടെ യാത്രക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ ജോണ്‍സനെ കസ്റ്റഡിയിലെടുത്ത പൊലീസ് 11 മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഐ.പി.സി 354 പ്രകാരമാണ് ജോണ്‍സണെനെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും ചേസിസ് നമ്പറും ഒത്തുനോക്കി വിശദാംശങ്ങള്‍ ശേഖരിച്ചു. അതേസമയം, സ്ത്രീ പറയുന്നത് കളവാണെന്ന് പ്രതി ജോണ്‍സണ്‍ പ്രതികരിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."