സ്പിന്നിങ് മില്‍ നിയമനക്രമക്കേട്: അന്വേഷണം തുടങ്ങി
തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്പിന്നിങ് മില്‍ നിയമനക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയരക്ടര്‍ കെ. സുധീറിന്റെ ഉത്തരവു പ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ അശോക് കുമാറിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 25 ന് രാവിലെ 10 ന് അശോക് കുമാര്‍ മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ (മാല്‍കോടെക്‌സ്) സന്ദര്‍ശിച്ചു തെളിവെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ സ്പിന്നിങ് മില്ലുകളില്‍ നേരിട്ടെത്തി പരിശോധന നടത്തും.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ 11 ഇന രേഖകള്‍ സമര്‍പ്പിക്കണമെന്നു കാണിച്ചു മാല്‍കോടെക്‌സ് മാനേജിങ് ഡയരക്ടര്‍ക്ക് ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയരക്ടര്‍ കത്തുനല്‍കി. സ്പിന്നിങ് മില്‍ നിയമനക്രമക്കേട് സംബന്ധിച്ചു കഴിഞ്ഞ 16 നു സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യവസായ പൊതുമേഖലാ സ്ഥാപനമായ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ നിന്നു സ്വയം വിരമിക്കല്‍ പദ്ധതിയായ സോഷ്യല്‍ സേഫ്റ്റി നെറ്റ് പ്രോഗാം (എസ്.എസ്.എന്‍.പി) പ്രകാരം ആനുകൂല്യം കൈപ്പറ്റിയ അസി. മാനേജര്‍ (സ്പിന്നിങ്) പി.എസ്.ശ്രീകുമാര്‍ വിവരം മറച്ചുവെച്ച് മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നതായുള്ള പരാതി സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം.
മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡില്‍ 2007 ല്‍ സ്പിന്നിങ് മാസ്റ്റര്‍ തസ്തികയിലും പിന്നീട് മില്‍ മാനേജര്‍ തസ്തികയിലും നിയമനം നേടിയ ഇദ്ദേഹം 2013 മുതല്‍ ഡെപ്യൂട്ടേഷനിലൂടെ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ജനറല്‍ മാനേജര്‍ കം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തസ്തികയില്‍ തുടരുകയാണ്.
ഇതിനു പുറമേ തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ എം.ഡിയുടെ അധിക ചുമതലയും 2018 ഏപ്രില്‍ മുതല്‍ വഹിക്കുന്നുണ്ട്. ഇപ്പോള്‍ രണ്ടു പൊതുമേഖലാ സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് പി.എസ് ശ്രീകുമാര്‍.
സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരം നിയമനം ഉള്ളവര്‍ക്കു മാത്രമേ ഡെപ്യൂട്ടേഷന്‍ അനുവദിക്കാവൂ എന്ന ചട്ടവും ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്പിന്നിങ് മാസ്റ്റര്‍, മില്‍ മാനേജര്‍ തസ്തികകളില്‍ നടത്തിയ നിയമന നടപടിക്രമങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ 25 ലെ തെളിവെടുപ്പില്‍ ഹാജരാക്കണമെന്നാണ് ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ഡയരക്ടറുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."