അജാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
അമ്പലപ്പുഴ: വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലിസുകാരന്‍ അജാസി(33)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നൂറനാട് എസ്.ഐ ബി. ബിജു ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം വൈകിട്ട് അഞ്ചോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
മരിച്ച അജാസിന്റെ ബന്ധുക്കളായ സിയാദ് ഹാഷിം, ഹബീബ്, ഷിഹാബ് എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് ഏഴോടെ കാക്കനാട്ടെ വാഴക്കാലിലെ അജാസിന്റെ വസതിയായ നെയ്‌വേലി വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് കാക്കനാട് പടമുഗള്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കഴിഞ്ഞ 15ന് സൗമ്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജാസിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അജാസ് തീവ്രപരിചരണ വിഭാഗത്തിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് വൃക്കയുടെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസന്വേഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."