പ്രതികളായവര്‍ കുറ്റം ചെയ്തവരല്ലെന്ന് ബന്ധുക്കള്‍
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലവിലുള്ള പ്രതികള്‍ കുറ്റം ചെയ്തവരല്ലെന്ന് ബന്ധുക്കള്‍. ഇന്നലെ ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം കൈപ്പറ്റാനായി പ്രതികളെ ഹാജരാക്കിയപ്പോള്‍ കോടതിയിലെത്തിയ ബന്ധുക്കളാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. ഇതോടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിനും ശക്തിയേറുകയാണ്.
ശരത്തും കൃപേഷുമായി പ്രശ്‌നങ്ങളുണ്ടായി എന്നത് സത്യമാണ്. എന്നാല്‍ അവരെ കൊല്ലാനുള്ള പകയൊന്നും തങ്ങളുടെ കുട്ടികള്‍ക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. മാത്രവുമല്ല ശരത്തും കൃപേഷും പ്രതികളെന്ന് പറയുന്നവരും ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ 12ാം പ്രതി ആലക്കോട് മണി, 13ാം പ്രതി സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍, 14 ാം പ്രതി ഉദുമ സി.പി.എം ഏരിയ സെക്രട്ടറി മണികണ്ഠന്‍ എന്നിവരുടെ ബന്ധുക്കളൊഴിച്ച് ബാക്കി 11 പ്രതികളുടെയും ഉറ്റവര്‍ കോടതിയില്‍ എത്തിയിരുന്നു. കോടതി വരാന്തയില്‍ ബന്ധുക്കളുമായി പ്രതികള്‍ ആശയവിനിമയം നടത്തി. രാവിലെ എത്തിച്ച പ്രതികളെ കുറ്റപത്രം കൈമാറുന്നതിനായി ഉച്ചയ്ക്ക് മുന്‍പ് കോടതി വിളിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നിന് മുന്‍പായി കോടതി പിരിഞ്ഞു. പിന്നീട് റിമാന്‍ഡിലുള്ള മുഴുവന്‍ പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ പങ്ക് നിഷേധിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആരാണ് യഥാര്‍ഥത്തില്‍ ശരത്തിനെയും കൃപേഷിനെയും കൊന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ആദ്യത്തെ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതി പീതാംബരനും ഇത് താനല്ല ചെയ്തതെന്ന് കോടതിയെ അറിയിച്ചിരുന്നു. പിതാംബരന്റെ ഭാര്യയും അമ്മയും മാധ്യമങ്ങളോടും ഇത് തന്നെയാണ് പറഞ്ഞത്. മുന്‍ എം.പി പി. കരുണാകരന്‍ അടക്കമുള്ളവര്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ മൊഴി മാറ്റിയത്.
നേരത്തെ പീതാംബരനെയടക്കമുള്ളവരെ തള്ളിപ്പറഞ്ഞ പാര്‍ട്ടി അവസാന ഘട്ടമായപ്പോള്‍ നിയമപരമായി സഹായിക്കുന്ന കാഴ്ചയും ഇന്നലെ കണ്ടു. മഹിളാ അസോസിയേഷന്‍ നേതാവും മുന്‍.എം.എല്‍.എയുടെ മകനുമടക്കമുള്ളവരാണ് ഇന്നലെ മണികണ്ഠനടക്കമുള്ള പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കുറ്റപത്രത്തില്‍ പ്രതികളാക്കേണ്ട പലരെയും പൊലിസ് സാക്ഷികളാക്കി എന്നും പരാതിയുണ്ട്. ബന്ധുക്കളടക്കം തങ്ങളുടെ മക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പറയുന്ന സ്ഥിതിക്ക് ആരാണ് യഥാര്‍ഥത്തില്‍ ശരത്തിനെയും കൃപേഷിനെയും കൊന്നതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിനും ശക്തിയേറുകയാണ്.
റിമാന്‍ഡിലുള്ള 11 പേര്‍ക്ക്
കുറ്റപത്രം കൈമാറി
രഹസ്യമൊഴി വേണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 11 പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം കൈമാറി. ഇന്നലെ പതിനൊന്നുമണിയോടെയാണ് പ്രതികള്‍ കോടതിയിലെത്തിയത്. പന്ത്രണ്ടു മണിയോടെ മജിസ്‌ട്രേറ്റ് കേസ് വിളിച്ചു. തുടര്‍ന്ന് കുറ്റപത്രം കൈമാറി. കൂടുതല്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് നേരത്തേ കുറ്റപത്രം ലഭിച്ച 13ാം പ്രതി സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ , 14ാം പ്രതി ഉദുമ സി.പി.എം ഏരിയ സെക്രട്ടറി മണികണ്ഠന്‍ എന്നിവരുടെ അഭിഭാഷകന്‍ പ്രധാനപ്പെട്ട രണ്ടു സാക്ഷികളുടെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യമുണ്ടെന്ന് അറിയിച്ചു.
സി.ആര്‍.പി.സി പ്രകാരം രഹസ്യമൊഴി എന്നൊന്നില്ലെന്നും അതിന്റെ പകര്‍പ്പും വേണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും ആവശ്യമുണ്ടെന്നറിയിച്ചു. ബാക്കി പതിനൊന്ന് പ്രതികളുടെ വെരിഫിക്കേഷന് വേണ്ടി കേസ് ഈ മാസം 28ലേക്ക്് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."