മന്ത്രിയുടെ പേരിലും വേണം ഒരു കുറ്റപത്രം
പൊതുപരീക്ഷയെഴുതുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്റ്റാഫ് റൂമിലിരുന്ന് ഉത്തരങ്ങളെഴുതിക്കൊടുക്കുകയും വേറെ ചിലരുടെ ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത കുറ്റം ചുമത്തപ്പെട്ട ഒരു സ്‌കൂള്‍ അധ്യാപകന്‍ ഒളിവിലായിട്ട് ആഴ്ചകളായി. അതിനു കൂട്ടുനിന്ന പ്രധാനാധ്യാപികയും മറ്റൊരധ്യാപകനും ഒളിവിലാണ്. സസ്‌പെന്‍ഷന്‍, ജാമ്യം നിഷേധിക്കല്‍, ലുക്ക് ഔട്ട് നോട്ടിസ്, ജനരോഷം ഇങ്ങനെ നീളുകയാണ് തുടര്‍സംഭവവികാസങ്ങള്‍. പെരുവഴിയിലായത് കുട്ടികളാണ്.
എന്തിനാണ് അധ്യാപകന്‍ ഇതു ചെയ്തത്? ഈ തെറ്റു തടയാന്‍ മെനക്കെടാതെ മറ്റു രണ്ടുപേര്‍ അതിന് മൗനാനുവാദം നല്‍കിയത്? എന്തുകൊണ്ടാണ് കേട്ടിടത്തോളം വച്ചു നോക്കുമ്പോള്‍ സ്‌കൂളിന്റെ വിജയശതമാനം ഉയര്‍ത്തുക എന്ന മഹനീയ ലക്ഷ്യമായിരുന്നു അധ്യാപകന് ഉണ്ടായിരുന്നത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നു കരുതി മറ്റു രണ്ടുപേരും മിണ്ടാതിരുന്നതാവാം. ഇതേക്കുറിച്ച് കൂടുതല്‍ ആലോചിക്കുമ്പോഴാണ് വിജയശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം കൈക്രിയകള്‍ സ്‌കൂളുകളില്‍ പലപ്പോഴും നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവരുന്നത്. പണ്ടത്തെപ്പോലെയല്ല ഇപ്പോഴത്തെ പൊതുപരീക്ഷാ വിജയശതമാനം. നൂറിനോടടുത്തു നില്‍ക്കുന്നു എല്ലാ കൊല്ലങ്ങളിലും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയശതമാനം. മാര്‍ക്കിടല്‍ വളരെ ഉദാരം. ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ മാത്രം മതി പാതി മാര്‍ക്കു കിട്ടുമത്രെ. ഇങ്ങനെയൊക്കെയായിട്ടും തോറ്റുപോകുന്നത് ഒന്നും തലയില്‍ക്കയറാത്ത 'മണ്ടശിരോമണി'മാരായിരിക്കും. അല്ലെങ്കില്‍ പഠനത്തെ ഒട്ടും ഗൗനിക്കാത്തവര്‍. അവരേയും ഭിന്നശേഷിക്കാരായി കണക്കാക്കി മിടുക്കരായ കുട്ടികളെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജയിപ്പിച്ച് മിന്നുന്ന വിജയം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുമെല്ലാം ശ്രമിക്കുന്നത്. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ എന്ന മറ്റൊരു കുറുക്കുവഴിയുമുണ്ട്. അങ്ങനെ പലവിധ വഴികളിലൂടെയും വിദ്യാര്‍ഥികളെ ജയിപ്പിച്ചു തൊണ്ണൂറ്റിയഞ്ച് ശതമാനത്തിന്റെയും തൊണ്ണൂറ്റിയെട്ട് ശതമാനത്തിന്റെയുമൊക്കെ കണക്കു പറഞ്ഞ് പത്രസമ്മേളനത്തില്‍ മന്ത്രിമാരും വിദ്യാഭ്യാസ ഡയരക്ടറുമെല്ലാം വിജൃംഭിതേന്ദ്രിയരാവുന്നതാണ് ഇവിടുത്തെ നടപ്പുരീതി.
പരീക്ഷയെഴുതുന്ന എല്ലാ കുട്ടികളെയും ജയിപ്പിച്ച് 'വിദ്യാഭ്യാസനിലവാരം ഉയര്‍ത്തു'ന്നതിന്റെ കാരണം എന്താണാവോ എന്തായാലും ശരി, സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനാണ്. ഓള്‍ പ്രൊമോഷനും മോഡറേഷനും മാര്‍ക്കിടലിലെ ലിബറലൈസേഷനും സി.ഇയും അതിനു വേണ്ടിയാണ്. കുട്ടി ഒന്നും എഴുതിയില്ലെങ്കിലും അത്യാവശ്യം മാര്‍ക്ക് സി.ഇ വഴി ലഭിക്കും. ബാക്കി ഒപ്പിച്ചെടുക്കാന്‍ വലിയ പ്രയാസമില്ല. എല്ലാം കൂടിയാവുമ്പോള്‍ കുട്ടി പാസാവും. ഇങ്ങനെയാണ് വിജയശതമാനം വര്‍ധിപ്പിക്കുന്നത്. നീലേശ്വരം സ്‌കൂളില്‍ കുട്ടികള്‍ക്കുവേണ്ടി ഉത്തരമെഴുതിയ അധ്യാപകന്‍ ചെയ്തതും ഇതു തന്നെയല്ലേ സര്‍ക്കാര്‍ വകയായി വിദ്യാര്‍ഥികളെ ജയിപ്പിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ പലതും പ്രയോഗിക്കുമ്പോള്‍ തന്നാലായത് അയാളും ചെയ്തു. സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ ജയിക്കാന്‍ അര്‍ഹതയില്ലാത്ത കുട്ടികളെ ജയിപ്പിച്ചെടുക്കാന്‍ പാടുപെടുകയാണ് രണ്ടുകൂട്ടരും ചെയ്യുന്നത്. ഒന്നിന് വിദ്യാഭ്യാസ നയമെന്ന് പേര്, മറ്റേതിന് കുറ്റകൃത്യമെന്നും. പക്ഷെ, ഫലത്തില്‍ രണ്ടും ഒന്നാണ്. അക്ഷരം കൂട്ടി വായിക്കാന്‍പോലുമറിയാത്തവരെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളാക്കി പൊതുസമൂഹത്തിലേക്ക് ഇറക്കിവിടുകയാണ്. ഇതൊരു കുറ്റകൃത്യമാണെങ്കില്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രിയുടെ പേരിലും പുറപ്പെടുവിക്കണം ഒരു അറസ്റ്റ് വാറന്റ്; ചുമത്തണം ഒരു കുറ്റപത്രം.
റഫീഖ് അഹമ്മദിന്റെ മനോഹരമായ ഒരു കവിതയുണ്ട്. 'തോറ്റകുട്ടി'ക്ക് കാറ്റ് പാട്ടും പൂക്കള്‍ വാക്കുകളും കാട്ടരുവി കളകള ഗാനവും വിസ്തൃതാകാശം നിവര്‍ത്തിവെച്ച പുസ്തകവുമൊക്കെയായി മാറുന്നു എന്നാണ് കവിഭാവന. 'തോല്‍ക്കുകില്ല നീ' എന്നു പറഞ്ഞ് പ്രകൃതി കവിതയിലെ കുട്ടിക്ക് ആത്മവിശ്വാസം പകരുന്നു. എന്നാല്‍ തോറ്റകുട്ടികള്‍ ഇന്ന് സമൂഹത്തിലില്ല, ജയിച്ചവരേയുള്ളൂ. എ പ്ലസ്, ബി പ്ലസ് തുടങ്ങിയ വിവിധ പ്ലസുകാര്‍. പക്ഷെ തോറ്റിട്ടില്ലെന്നും തോല്‍ക്കുകയില്ലെന്നുമുള്ള ആത്മവിശ്വാസം അവര്‍ക്കില്ല. സ്‌കൂളുകളില്‍ നിന്ന് വിജയശ്രീലാളിതരായി പുറത്തുവരുന്ന ഈ കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞ നേരമില്ല. വളരെ ചുരുക്കം ചിലര്‍ മാത്രം എന്‍ട്രന്‍സ് പരീക്ഷയുടെ കടമ്പകള്‍ കടന്ന് സ്വന്തം വഴി കണ്ടെത്തുന്നു. ചിലര്‍ ഡിഗ്രിക്കു ചേരുന്നു. ബാക്കിയുള്ളവരില്‍ മഹാഭൂരിപക്ഷവും പി.എസ്.സി കോച്ചിങ് സെന്ററുകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കുകയാണ്.
കേരളത്തില്‍ പി.എസ്.സി കോച്ചിങ് ഒരു വന്‍ ബിസിനസായി മാറിയതിന് ഒരു കാരണം എസ്.എസ്.ല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉയര്‍ന്ന വിജയശതമാനമാണ്. പരീക്ഷയില്‍ വിജയശ്രീലാളിതരായ ചെറുപ്പക്കാര്‍ എങ്ങനെ മണ്ണുചുമക്കാനും കല്ലുടയ്ക്കാനും കൃഷിപ്പണിയെടുക്കാനും പോകും? അത്തരം പണികളെല്ലാം ബംഗാളികളെയും ഒഡിഷക്കാരെയും ഏല്‍പ്പിച്ച് നാം സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിലേക്ക് പിന്‍വലിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഗള്‍ഫില്‍ ജോലിയില്‍ കയറിപ്പറ്റാന്‍ സാധ്യതയുള്ള പലതരം കോഴ്‌സുകളിലേക്ക്. പലതും തട്ടിപ്പുകോഴ്‌സുകളാണ്. ഇവയില്‍ സത്യമേത്, അല്ലാത്തത് ഏത് എന്നറിയാതെ വന്‍തുക ഫീസ് കൊടുത്ത് പഠിച്ച് യാതൊരു തുമ്പും വാലുമില്ലാതായ നിരവധി ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. ഇവരും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നാം സൃഷ്ടിച്ചെടുത്ത 'അത്യുന്നതമായ വിജയശതമാന'ത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ്. തൊഴിലില്ലാപ്പടയില്‍ അണിനിരക്കുക എന്ന വഴി മാത്രമേ ഇവരുടെ മുമ്പിലുള്ളൂ. അനിശ്ചിതമായ ഭാവിയെക്കുറിച്ചോര്‍ത്തുള്ള ആത്മസംഘര്‍ഷങ്ങളും പാസായ പരീക്ഷകള്‍ മനസ്സിലേല്‍പ്പിക്കുന്ന സമ്മര്‍ദങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന് ഒന്നിനും കൊള്ളാത്തവര്‍ എന്ന് സ്വയം വിധിയെഴുതേണ്ടി വരുന്ന യുവത്വം വഴിതെറ്റിപ്പോകുന്നതിന് സകല സാധ്യതയുമുണ്ട്. വിജയികളെ സൃഷ്ടിച്ചെടുക്കുന്ന വിദ്യാഭ്യാസനയം അന്തിമമായി തോറ്റ തലമുറകളെയാണ് സൃഷ്ടിക്കുന്നത് എന്ന് ചുരുക്കം.
എന്തിനാണ് ഈ വര്‍ധിച്ച പരീക്ഷാവിജയം? തോല്‍വി മൂലമുണ്ടാവുന്ന ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവും ഒഴിവാക്കാനാണ് എല്ലാവരേയും ജയിപ്പിച്ചു വിടുന്നതെന്നാണ് വിദ്യാഭ്യാസ മനഃശാസ്ത്രം പഠിച്ച വിദഗ്ധര്‍ പറയുന്നത്. പക്ഷെ പരീക്ഷയിലെ തോല്‍വി ആത്മവിശ്വാസം തകര്‍ക്കുമെന്ന മുന്‍വിധി തെറ്റാണ്. പണ്ടൊക്കെ പരീക്ഷയില്‍ തോറ്റവര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവരുടെ മുമ്പില്‍ വിശാലമായ ലോകവും അനന്തമായ സാധ്യതകളും തുറന്നുകിടപ്പുണ്ടായിരുന്നു. ഇന്ന് ഒറ്റക്കുട്ടിക്കും അതിനുള്ള ധൈര്യമില്ല. പരീക്ഷയില്‍ തോറ്റുപോയെങ്കിലും ജീവിതത്തെ നേരിടാന്‍ കഴിയും എന്ന കരളുറപ്പില്ല. നേരു പറഞ്ഞാല്‍ എല്ലാവരെയും വിജയിപ്പിക്കുന്നത് ജീവിതത്തില്‍ സംഭവിക്കുന്ന പരാജയങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത ഒരു പറ്റം ചെറുപ്പക്കാരെ സൃഷ്ടിക്കലാണ്.
പ്രായോഗിക രംഗത്തും 'വമ്പന്‍ വിജയങ്ങള്‍' ഒരുപാടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പത്താംതരം പരീക്ഷയില്‍ വിജയശതമാനം വര്‍ധിച്ചു എന്ന വാര്‍ത്തയോടൊപ്പം തന്നെ കാണും പ്ലസ്ടു സീറ്റുകളുടെ അഭാവത്തെക്കുറിച്ചുള്ള പരിദേവനങ്ങള്‍. പ്ലസ്ടു റിസള്‍ട്ട് വന്നാലുടനെ വിലാപം ബിരുദ കോഴ്‌സിലെ സീറ്റില്ലായ്മയെച്ചൊല്ലിയായിരിക്കും. ഇത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല കൊയ്ത്തിനുള്ള അവസരമാണ്. ലക്ഷങ്ങളാണ് സ്വകാര്യ സ്‌കൂളുകളില്‍ കോഴ. ബിരുദത്തിനും അതേ അനുപാതത്തില്‍ തന്നെയാണ് പണം നല്‍കേണ്ടത്. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു കിട്ടിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ പോസ്റ്റും അതില്‍ നിയമനത്തിനുവേണ്ടി ലഭിക്കുന്ന വമ്പന്‍ കോഴയുമായി. ഇതൊക്കെ പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ കണക്കിലേക്കാണ് പോകുന്നത് എന്നതാണ് കഥയിലെ വൈരുധ്യം.
ഞാനിപ്പോള്‍ ഓര്‍ക്കുന്നത് എന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലമാണ്. അന്ന് സ്മാര്‍ട്ട് ക്ലാസില്ല, മോട്ടിവേഷനല്‍ ട്രെയിനിങ്ങില്ല, കരിയര്‍ ഗൈഡന്‍സില്ല. എന്നാല്‍ സ്‌കൂളില്‍ പാട്ടും കഥയുമുണ്ടായിരുന്നു. കൊട്ട നെയ്ത്തും ചൂടി പിരിക്കലുമുണ്ടായിരുന്നു. പൗരധര്‍മവും ഭൂമിശാസ്ത്രവും പഠിച്ചിരുന്നു. രന്തിദേവനെക്കുറിച്ചും ഖലീഫാ ഉമറിനെക്കുറിച്ചും മഗ്ദലനമറിയത്തെക്കുറിച്ചും പഠിപ്പിച്ചിരുന്നു. കുസൃതി കാട്ടിയാലും ഉഴപ്പിയാലും അടി കിട്ടിയിരുന്നു. ഞങ്ങള്‍ക്കിടയില്‍ പഠിക്കുന്നവരും ഒന്നും പഠിക്കാത്തവരുമുണ്ടായിരുന്നു. പരീക്ഷയില്‍ ചിലര്‍ ജയിച്ചു, ചിലര്‍ തോറ്റു. എങ്കിലും ജയിച്ച കുട്ടിയുടെ മുമ്പാകെ നെഞ്ചുവിരിച്ചു നില്‍ക്കാനുള്ള ആത്മബലം തോറ്റുപോയ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു.
അതിനാല്‍ ഒരു അധ്യാപകനും ഓഫിസ് മുറിയിലിരുന്ന് കുട്ടികളുടെ ഉത്തരങ്ങള്‍ മാറ്റിയെഴുതുക എന്ന ഗതികേടുണ്ടായിട്ടില്ല, ഒരു സ്‌കൂളധികൃതര്‍ക്കും വിജയശതമാനം കുറഞ്ഞുപോയതിന്റെ അപമാനഭാരം മൂലം നിരത്തിലിറങ്ങി നടക്കാന്‍ പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. വിജയം പോലെ തന്നെ പരാജയവുമായും എല്ലാവരും പൊരുത്തപ്പെടുകയായിരുന്നു. അന്ന് ഒരു മന്ത്രിയും പത്രസമ്മേളനം വിളിച്ചു കൂട്ടി വിജയശതമാനം വര്‍ധിച്ചതിന്റെ പേരില്‍ ആത്മഹര്‍ഷമണിഞ്ഞിരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."