കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കല്‍: സംസ്ഥാനം പുറത്തുനിന്ന് കാലികളെ വാങ്ങുന്നു
മുക്കം: പ്രളയക്കെടുതിയെ തുടര്‍ന്ന് കുറവുവന്ന കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് അന്യസംസ്ഥാനങ്ങളില്‍നിന്നും കന്നുകാലികളെ വാങ്ങുന്നതിന് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം.
ക്ഷീരമേഖലയില്‍ അടക്കം രൂക്ഷമായ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് ഇതുസംബന്ധമായ പദ്ധതികള്‍ പ്രത്യേകം നടപ്പിലാക്കാനും വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമായി.
കന്നുകാലികളെ പുറത്തുനിന്ന് വാങ്ങുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരും തദ്ദേശ സ്ഥാപനങ്ങളും അനുയോജ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. പശുക്കളെ വാങ്ങി നല്കുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക മുന്‍ഗണന നല്‍കും. ഇതിനായി ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടി കന്നുകാലികളെ നല്കുന്ന പ്രോജക്ട് ഏറ്റെടുക്കുവാന്‍ ഈ വര്‍ഷത്തേക്ക് മാത്രമായി സര്‍ക്കാര്‍ പ്രത്യേക അനുമതി നല്കി.
പഞ്ചായത്തുകള്‍ നല്കുന്ന ഗ്രാമസഭ ലിസ്റ്റ് പ്രകാരമായിരിക്കും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതി നടപ്പിലാക്കുക. കറവ പശുക്കളെ ബാങ്ക് ലോണ്‍ വഴി വാങ്ങുന്നത് പ്രോത്സാഹിപ്പിക്കും. ഇങ്ങനെ വാങ്ങുന്ന ലോണിന്റെ പലിശ തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായും നല്‍കുകയും ചെയ്യും.
വാങ്ങുന്ന കന്നുകാലികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. പ്രളയബാധിത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ വര്‍ഷത്തെ ബജറ്റ് വിഹിതം ഏറ്റവും ഗുണപരമായ പ്രോജക്ടുകള്‍ക്ക് മാത്രം വിനിയോഗിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."