കെ.എം ഷാജിയെ ഇ.ഡി മണിക്കൂറുകളോളം ചോദ്യംചെയ്തു
കോഴിക്കോട്: പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ കല്ലായിയിലെ സബ് സോണല്‍ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു.
ഷാജിയുടെ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഷാജി നടത്തിയ വിദേശയാത്രകളെക്കുറിച്ചും ചോദ്യമുണ്ടായി. സ്വത്തുക്കളുടെയും വിദേശയാത്രകളുടെയും രേഖകള്‍ ഷാജി ഹാജരാക്കിയതായാണ് വിവരം. ഇ.ഡിയുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമുണ്ടെന്നും ഇത് സംബന്ധിച്ച എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ കെ.എം. ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യ ആഷയെ ഇ.ഡി കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഷാജി കോഴിക്കോട് മാലൂര്‍കുന്നില്‍ വീട് നിര്‍മിച്ചത് ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
അനധികൃതമായ നിര്‍മാണം ക്രമീകരിക്കുന്നതിന് പുതുക്കിയ പ്ലാന്‍ ഹാജരാക്കാനും പിഴയൊടുക്കാനും കോര്പറേഷന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷാജി നല്കിയ അപേക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ അപേക്ഷ തള്ളിയിരുന്നു. ഷാജിക്കെതിരേ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."