HOME
DETAILS
MAL
മാറിമറിഞ്ഞ് ട്രെന്‍ഡ്; ഒടുവില്‍ ബി.ജെ.പി ആഘോഷ പരിപാടികള്‍ നിര്‍ത്തി
backup
November 11 2020 | 00:11 AM
പട്‌ന: തുടക്കംമുതലേ മാറിമറിഞ്ഞ് ട്രെന്‍ഡ് വന്നതോടെ ആവേശത്തിനൊപ്പം പിരിമുറുക്കവും ആശങ്കയും കലര്‍ന്ന സമ്മിശ്ര വികാരത്തില്‍ രാഷ്ട്രീയകക്ഷി നേതാക്കളും പ്രവര്‍ത്തകരും. രാവിലെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ ഫലങ്ങള്‍ എന്‍.ഡി.എക്കും മഹാസഖ്യത്തിനും ഒരു പോലെ അനുകൂലമായിരുന്നു. എന്നാല്‍ പിന്നീട് ഇരുഭാഗത്തേക്കും മാറിമറിയുകയായിരുന്നു.
കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് അനുകൂലമായിരുന്നു ആദ്യ ചാഞ്ചാട്ടം. ഇതോടെ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും ആസ്ഥാനത്ത് അനുയായികള്‍ ആഹ്ലാദപ്രകടനവും പടക്കം പൊട്ടിക്കലും തുടങ്ങി. പരാജയം സമ്മതിക്കുന്നതായുള്ള വിധത്തില്‍ ജെ.ഡി.യു നേതാക്കള്‍ ചാനലുകളോട് പ്രതികരിക്കുകയും ചെയ്തു. മഹാസഖ്യത്തിന്റെ ലീഡ് നില 133 വരെ എത്തുകയുണ്ടായി. മഹാസഖ്യത്തിന്റെ സന്തോഷം ഏറെ നീണ്ടുനിന്നില്ല. ഉച്ചയായതോടെ ഫലം എന്‍.ഡി.എ സഖ്യത്തിന് അനുകൂലമായിക്കൊണ്ടിരുന്നു. അതോടെ ബി.ജെ.പി- ജെ.ഡി.യു അനുയായികളുടെ ഊഴമായി. മധുരപലഹാരങ്ങള്‍ വിതരണംചെയ്തും പടക്കം പൊട്ടിച്ചും ലീഡ് നില അവര്‍ ആഘോഷിച്ചു. ഇത് ഏകദേശം വൈകുന്നരം വരെ നിലനിന്നു. ഒരുസമയത്ത് 30 സീറ്റുകളുടെ വ്യത്യാസത്തില്‍ എന്‍.ഡി.എ ബഹുദൂരം മുന്നിലായി. വൈകുന്നേരത്തോടെ ലീഡ് നില കുറഞ്ഞുവന്നു. രാത്രിയായതോടെ ലീഡ് കുറഞ്ഞുവരുന്നതിന് അനുസരിച്ച് ബി.ജെ.പി- ജെ.ഡി.യു പ്രവര്‍ത്തകരുടെ ആവേശവും കുറഞ്ഞുവന്നു. വൈകാതെ ആഘോഷപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
എന്‍.ഡി.എ മുന്നേറ്റം നടത്തിയ ഘട്ടത്തില്‍ 80 ഓളം സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. ഇത് മുന്നണിയുടെ വിജയത്തിനിടയിലും ജെ.ഡി.യു അനുയായികളുടെ ആവേശം കെടുത്തുന്നതായി. എന്‍.ഡി.എയുടെ ലീഡ് കുറഞ്ഞതോടെ ഒരുഘട്ടത്തില്‍ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയുംചെയ്തു. ഇതോടെ ആര്‍.ജെ.ഡി അണികളില്‍ ആവേശം തിരിച്ചെത്തുകയുംചെയ്തു.29 സീറ്റുകളില്‍ മല്‍സരിച്ച ഇടതുപക്ഷം ഒരു ഘട്ടത്തില്‍ 15ലേറെ സീറ്റുകളില്‍ മുന്നിലായിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ ന്യൂഡല്‍ഹിയില്‍
ആഹ്ലാദപ്രകടനം നടത്തുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."