HOME
DETAILS
MAL
ഇഴഞ്ഞിഴഞ്ഞ് ഫലം
backup
November 11 2020 | 00:11 AM
ന്യൂഡല്‍ഹി: കൊവിഡ് കാരണം കൂടുതല്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചതും പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം കൂടിയതും ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പതുക്കെയാകാന്‍ കാരണമായെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതും മറ്റൊരു കാരണമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പൂര്‍ണ ഫലമറിയാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടി വരുമെന്നും സിന്‍ഹ അറിയിച്ചു.
ഫലം വൈകുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി രണ്ടു തവണയാണ് പത്രസമ്മേളനം വിളിച്ചത്.
4.11 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിയായിട്ടും 1.5 കോടി വോട്ടുകള്‍ മാത്രമേ എണ്ണി തീര്‍ന്നിരുന്നുള്ളൂ. ഉച്ചയ്ക്ക് ശേഷം വേഗം അല്‍പം കൂടിയെങ്കിലും വൈകുന്നേരത്തോടെ സമ്പൂര്‍ണഫലമറിയാന്‍ സാധിക്കില്ലെന്ന് വ്യക്തമായിയിരുന്നു.
വൈകിട്ട് 5.30 ആയപ്പോഴും എണ്ണിത്തീര്‍ന്ന വോട്ടുകളുടെ എണ്ണം 2.7 കോടി മാത്രം. 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 1,500 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് എന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ 1,000 പേര്‍ക്കായി ഇത്തവണ ചുരുക്കിയിരുന്നു.
ഇതോടെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2015ല്‍ 65,367 പോളിങ് സ്‌റ്റേഷനുകളുണ്ടായിരുന്നത് ഇത്തവണ 1,06,526 ആയാണ് ഉയര്‍ന്നത്. അത്രയും വോട്ടിങ് മെഷിനുകളും വേണ്ടിവന്നു.
പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം 2015ല്‍ 1.3 ലക്ഷമായിരുന്നത് ഇത്തവണ 2.5 ലക്ഷമായി ഉയര്‍ന്നു. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മുന്‍കാലങ്ങളില്‍ 14 കൗണ്ടിങ് ടേബിളുകളുണ്ടായിരുന്നത് ഇത്തവണ ഏഴായി ചുരുക്കി.
വേഗം കൂട്ടാന്‍ കൗണ്ടിങ് ഹാളുകളുടെ എണ്ണം കൂട്ടിയിരുന്നെങ്കിലും അത് ഫലം ചെയ്തില്ല.
അതി വേഗത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിന് പകരം ആവശ്യത്തിന് സമയമെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫലം പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും വേഗത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിന് പകരം കൃത്യമായ വിവരങ്ങള്‍ നല്‍കുകയാണ് കമ്മിഷന്‍ ചെയ്യുകയെന്നും ഉമേഷ് സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."