പക്ഷികള്‍ക്ക് കൂടൊരുക്കിയില്ല; കോടതിയലക്ഷ്യ ഹരജി തള്ളി
മഞ്ചേരി: ആലങ്കോട് വില്ലേജ് ഓഫിസ് പരിസരത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റിയപ്പോള്‍ കൂടു നഷ്ടപ്പെട്ട പക്ഷികളെ മൃഗശാലയില്‍ ഏറ്റെടുക്കാതെ തിരിച്ചയച്ച സംഭവത്തില്‍ മൃഗശാല അധികൃതര്‍ക്കെതിരേ സമര്‍പിച്ച ഹരജി മഞ്ചേരി ഫോറസ്റ്റ് കോടതി തള്ളി.
തൃശൂര്‍ മൃഗശാല സൂപ്രണ്ടിനും മ്യൂസിയം, മൃഗശാലാ വകുപ്പു ഡയറക്ടര്‍ക്കുമെതിരേ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ് ഹര്‍ജി നല്‍കിയിരുന്നത്. പക്ഷികളെ പ്രത്യേകം പാര്‍പ്പിക്കാന്‍ സൗകര്യം ഇല്ലെന്നു പറഞ്ഞു മൃഗശാല അധികൃതര്‍ പക്ഷികളെ തിരിച്ചയക്കുകയായിരുന്നു. പുറത്തുനിന്ന് പക്ഷികളെ സ്വീകരിക്കുമ്പോഴുളള നടപടി ക്രമങ്ങള്‍ റെയ്ഞ്ച് ഓഫിസറെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് മൃഗശാല അധികൃതര്‍ കോടതിയെ അറിയിച്ചു.
പക്ഷികള്‍ക്ക് രോഗമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പക്ഷികളെ പ്രത്യേകം പാര്‍പ്പിക്കണം. ഇതിനുള്ള സൗകര്യങ്ങള്‍ മൃഗശാലയിലില്ലാത്തതിനാലാണ് തിരിച്ചയച്ചതെന്നും കോടതിയെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി ഹര്‍ജി തള്ളിയത്.
75 നീര്‍ക്കാക്കകളെയും 14 കൊറ്റികളെയും ഫോറസ്റ്റ് കോടതി ഉത്തരവ് അനുസരിച്ചാണ് വനംവകുപ്പ് അധികൃതര്‍ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
ആലംകോട് വില്ലേജ് ഓഫിസ് പരിസരത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റിയപ്പോള്‍ നൂറുകണക്കിനു പക്ഷിക്കുഞ്ഞുങ്ങള്‍ കൂടു തകര്‍ന്ന് ചത്തു വീഴുകയും ഇരുന്നൂറോളം പക്ഷികള്‍ക്ക് വാസസ്ഥലമില്ലാതാവുകയും ചെയ്തിരുന്നു.
വില്ലേജ് ഓഫിസ് പരിസരത്തെ മരങ്ങളില്‍ പക്ഷികള്‍ വ്യാപകമായി കൂടൊരുക്കിയതിനാല്‍ ഇവയുടെ വിസര്‍ജ്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും ശല്യമാവുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മരച്ചില്ലകള്‍ വെട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."