യൂത്ത് ഫ്രണ്ടും പിളര്‍ന്നു
തിരുവനന്തപുരം/കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിനുപിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളര്‍ന്നു. യൂത്ത് ഫ്രണ്ടിന്റെ 49ാം ജന്മദിനാഘോഷം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും ഇന്നലെ രണ്ടായാണ് നടത്തിയത്.
ജോസ് കെ. മാണി വിഭാഗത്തിന്റെ ആഘോഷം കോട്ടയത്തും പി.ജെ ജോസഫ് വിഭാഗത്തിന്റേത് തിരുവനന്തപുരത്തുമാണ് നടന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പി.ജെ ജോസഫിനൊപ്പമാണ്. യൂത്ത് ഫ്രണ്ടിന്റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്ന് പി.ജെ ജോസഫ് അവകാശപ്പെട്ടു. വിമത വിഭാഗം എന്ത് ചെയ്‌തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തതുപോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്റ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതാധികാരി സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നും ഒരു ചെറിയ വിഭാഗം മാത്രമാണ് വിട്ടുപോയതെന്നും പി.ജെ ജോസഫ് പറഞ്ഞു. പോഷക സംഘടനകളും നേരിന്റെപാതയില്‍ നില്‍ക്കുന്നുവെന്നാണ് ഇതേക്കുറിച്ച് സി.എഫ് തോമസിന്റെ അഭിപ്രായം. എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന സജി മഞ്ഞക്കടമ്പന്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ടുതട്ടിലായത്.
ജോസ് കെ. മാണിയെ അനുകൂലിക്കുന്നവര്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സാജന്‍ തൊടുകയിലിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) ഓഫിസില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തില്‍ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ പുറത്താക്കിയതായി പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇവര്‍ പുതിയ പ്രസിഡന്റായി സാജന്‍ തൊടുകയെ തെരെഞ്ഞെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം മുതല്‍ ജോസ്.കെ.മാണി വിഭാഗവുമായി സജി മഞ്ഞക്കടമ്പന്‍ ഉടക്കിനില്‍ക്കുകയാണ്. അതേസമയം, വിമതരുടെ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുരഞ്ജന നീക്കം സജീവമായി നടക്കുമ്പോഴാണ് പോഷക സംഘടനകളും പിളരുന്നത്. തിരുവനന്തപുരത്ത് എല്‍.എം.എസ് ഓര്‍ഫനേജില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫ് കേക്കുമുറിച്ചു. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."