വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച മലയാളി ജവാന്‍മാര്‍ക്ക് യാത്രാമൊഴി
കൊല്ലം/കണ്ണൂര്‍/കോയമ്പത്തൂര്‍: അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് മരിച്ച മൂന്ന് മലയാളി ജവാന്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. വിമാനത്തിലെ ഫ്‌ളൈറ്റ് എന്‍ജിനീയര്‍ കൊല്ലം ആലഞ്ചേരി വിജയ വിലാസത്തില്‍ അനൂപ്കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സ്വവസതിയായ ആലഞ്ചേരി വിജയവിലാസത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംസ്‌കരിച്ചത്. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ ഷരിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില്‍ സംസ്‌കരിച്ചു. തൃശൂര്‍ സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് ഹരിഹരന്റെ മൃതദേഹം സൈനിക ബഹുമതികളോടെ കോയമ്പത്തൂരിലാണ് സംസ്‌കരിച്ചത്.
ജോര്‍ഹട്ടില്‍ നിന്ന് പ്രത്യേകം വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച അനൂപ്കുമാറിന്റെ മൃതദേഹം ഇന്നലെ രാവിലെ 7.15 ഓടെ വായുസേനയുടെ ദക്ഷിണമേഖലാ കമാന്‍ഡിങ് ഇന്‍ ചീഫ് ബി.സുരേഷ്, മന്ത്രിമാര്‍ എന്നിവരടങ്ങിയ സംഘം സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി. അപകട വിവരമറിഞ്ഞ് നാട്ടില്‍ നിന്നും നേരത്തേ അരുണാചല്‍ പ്രദേശിലെത്തിയ അനുജന്‍ അനീഷ് കുമാര്‍, ഭാര്യാ മാതാവ് ഷീജ, അരുണാചലില്‍ അനൂപിനോടൊപ്പമുണ്ടായിരുന്ന ഭാര്യ ബിന്ധ്യ, ഏഴ് മാസം പ്രായമായ മകള്‍ ദ്രോണ എന്നിവരും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയിരുന്നു. വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച മൃതദേഹം അനൂപ് കുമാര്‍ പഠിച്ച ഏരൂര്‍ ഗവ. ഹൈസ്‌കൂളിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. രാജു പുഷ്പചക്രം സമര്‍പ്പിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.
ഇന്നലെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ ഷരിന്റെ മൃതദേഹം കുഴിമ്പാലോട് മെട്ടയിലെ മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം പിന്നീട് വീട്ടിലും എത്തിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തൃശൂര്‍ മുളംകുന്നത്തുകാവ്, പെരിങ്ങണ്ടൂര്‍ സ്വദേശിയായിരുന്ന വിനോദ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടുംബത്തോടൊപ്പം കോയമ്പത്തൂര്‍ സിങ്കനെല്ലൂരിലാണ് താമസം. സംസ്‌കാര ചടങ്ങില്‍ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."