അതിര്‍ത്തിയില്‍ ഊടുവഴികളിലൂടെ കള്ളക്കടത്ത്: സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം
വാളയാര്‍: തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ഊടുവഴികളിലൂടെയും സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലൂടെയും വരുന്ന വാഹനങ്ങള്‍വഴി കേരളത്തിലെത്തുന്നത് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍, ഇതിലൂടെ വന്‍തോതില്‍ നികുതി നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്.
ഗോപാലപുരം, ഗോവിന്ദാപുരം, വേലന്താവളം തുടങ്ങിയ പ്രദേശങ്ങളിലാണ് സര്‍ക്കാരിനെ കബളിപ്പിച്ച് വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നത്.
വാളയാര്‍വഴി വരേണ്ട വലിയ കണ്ടെയ്‌നര്‍ ലോറികളടക്കം വേലന്താവളം വഴി കഞ്ചിക്കോട്ടെത്തി ദേശീയപാതയിലൂടെ പോകുന്ന സംവിധാനം വില്‍പ്പന നികുതി വിഭാഗം ഏറെക്കുറെ തടഞ്ഞിരുന്നു. തുടര്‍ന്ന് മീനാക്ഷിപുരം, ഗോപാലപുരം, ഗോവിന്ദാപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നികുതിവെട്ടിച്ച് സാധനം കടത്ത് വ്യാപകമായത്.
പൊള്ളാച്ചി-തത്തമംഗലം റോഡിലെ പ്രധാന വില്‍പ്പനികുതി ചെക്‌പോസ്റ്റാണ് മീനാക്ഷിപുരത്ത് ആവശ്യത്തിന് ജീവനക്കാരും സംവിധാനങ്ങളുമുള്ള ഈ ചെക്‌പോസ്റ്റ് കടന്നുവരുന്ന ചരക്കുവാഹനങ്ങള്‍ക്ക് നികുതിയടയ്ക്കാതെ കേരളത്തിലേക്ക് കടക്കാനാവില്ല.
എന്നാല്‍ മീനാക്ഷിപുരത്തെ വില്‍പ്പനികുതി, ആര്‍ടി, എക്‌സൈസ്, വനം ചെക്‌പോസ്റ്റുകളൊന്നും തൊടാതെ കേരളത്തിലെത്താന്‍ ഊടുവഴികളുടെ തമിഴ്‌നാട്ടിലെ ഗണപതി പാളയത്തുനിന്ന് പൊള്ളാച്ചി-തത്തമംഗലം റോഡിലെ നെല്ലിമേടിലെത്താനുള്ള ഊടുവഴിയാണ് ചെറുകിട ചരക്കുവാഹനങ്ങളില്‍ പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ നിരന്തരം കടത്തുന്നത്. പിക്കപ്പ്, ടെമ്പോ ലോറി, ഓട്ടോ, ബൈക്ക് എന്നീ വാഹനങ്ങളിലാണ് നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നത്.
നെല്ലിമേടിലെത്തിയാല്‍ സുരക്ഷിതമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെത്താന്‍ സഹായം ചെയ്യുന്ന വന്‍സംഘം അതിര്‍ത്തിപ്രദേശത്തുണ്ട്. കേരളത്തിലേക്ക് വ്യാപക കോഴി കള്ളക്കടത്ത് നടത്തുന്നതും ഈ വഴിയാണ്.
ഗണപതിപാളയം-നെല്ലിമേട് റോഡിന്റെ ഒരു വശം തമിഴ്‌നാടും മറുവശം കേരളവുമാണ്. ഗോവിന്ദാപുരം ചെക്‌പോസ്റ്റിനെ ഒഴിവാക്കാന്‍ മീങ്കര അണക്കെട്ടിലൂടെ വാഹനങ്ങള്‍ സഞ്ചരിച്ച് കൊല്ലങ്കോട്-ഗോവിന്ദാപുരം റോഡില്‍ പ്രവേശിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നു.
ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം ഭാഗങ്ങളില്‍ സ്വകാര്യ കൃഷിയിടങ്ങളിലൂടെ നിര്‍മിച്ച റോഡുകള്‍ വഴിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്താം.
വില്‍പ്പനികുതി ചെക്‌പോസ്റ്റുകളില്‍ മാത്രമേ പരിശോധന നടക്കുന്നുള്ളൂ എന്ന അനുകൂല സാഹചര്യമാണ് നികുതിവെട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്. അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയാലും വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നികുതി വിഭാഗത്തിന്റെ പരിശോധന നടക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കള്ളക്കടത്തും നികുതിവെട്ടിപ്പും ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാല്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."