ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ
സതാംപ്ടണ്‍: കൊടുങ്കാറ്റു കഴിഞ്ഞുള്ള പേമാരി നേരിടുന്നതു പോലെയാണ് അഫ്ഗാന് ഇന്നത്തെ മത്സരം. ഇംഗ്ലണ്ടിനോടേറ്റ കനത്ത തോല്‍വിക്കു ശേഷം ഇന്ത്യയെ നേരിടാനിറങ്ങുന്ന അഫ്ഗാന്റെ നെഞ്ചു പിടയുന്നുണ്ടാകും. ഏറെ പ്രതീക്ഷകളുമായി ഈ ലോകകപ്പിനെത്തിയ അഫ്ഗാനെ കാത്തിരുന്നത് കനത്ത തോല്‍വികളാണ്.
ഓരോ മത്സരം കഴിയുമ്പോഴും തോല്‍വിഭാരം കൂടുകയാണ്. മോര്‍ഗനും കൂട്ടരും അടിച്ചു വിരട്ടിയതിന്റെ മുറിപ്പാടുകള്‍ ഉണങ്ങുന്നതിനു മുന്നേയാണ് അഫ്ഗാന്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ബൗള്‍ എറിഞ്ഞ് സെഞ്ചുറി വാങ്ങിക്കൂട്ടിയ റാഷിദ് ഖാനും കൂട്ടര്‍ക്കും ഇന്നലെ ഉറങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല. വിജയത്തെ കുറിച്ചാവില്ല. പരാജയ ഭാരം കുറയ്ക്കാനായിരിക്കും അവരുടെ ശ്രമം.
കഴിഞ്ഞ മത്സരത്തില്‍ 25 സിക്‌സറുകളാണ് ഇംഗ്ലണ്ട് അഫ്ഗാനെതിരേ നേടിയത് അതില്‍ 17 എണ്ണവും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്റെ വക. ഏകദിന ക്രിക്കറ്റില്‍ ബൗളിങ്ങില്‍ മൂന്നാംസ്ഥാനക്കാരനായ റാഷിദ്ഖാന്‍ വഴങ്ങിയത് 11 സിക്‌സറുകള്‍ . കഴിഞ്ഞ മത്സരത്തില്‍ ഒന്‍പതോവര്‍ എറിഞ്ഞു നിര്‍ത്തിയത് നന്നായി, അല്ലെങ്കില്‍ ഇനിയും കുടുങ്ങുമായിരുന്നു. മോര്‍ഗന്റെ കനലാട്ടത്തിനു ശേഷം ഹിറ്റ്മാന്റെ സൂപ്പര്‍ ഇന്നിങ്‌സിനായാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നു ഇന്ത്യയുടേത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെയും മറികടന്നു.
ന്യൂസിലന്‍ഡുമായുള്ള മൂന്നാം മത്സരം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള നാലാം മത്സരം ആധികാരികമായി ജയിച്ച ഇന്ത്യക്ക് നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിയായുള്ളത് താരങ്ങളുടെ പരുക്കാണ്.
സച്ചിനെ
മറികടക്കുമോ
കോഹ്‌ലി
104 റണ്‍സിന്റെ ദൂരം മാത്രമേയുള്ളൂ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കാന്‍. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിനെ മറികടന്ന്. 104 റണ്‍സു കൂടി നേടിയാല്‍ രാജ്യാന്തര മത്സരങ്ങളില്‍ 20,000 റണ്‍സ് അതിവേഗം പിന്നിടുന്ന താരമാകും വിരാട് കോഹ്‌ലി. 453 ഇന്നിങ്‌സുകളില്‍ നിന്നായി 20,000 റണ്‍സ് നേടിയ സച്ചിന്റെയും ബ്രയാന്‍ ലാറയുടേയും പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 415 ഇന്നിങ്‌സുകളില്‍ (131 ടെസ്റ്റ്, 222 ഏകദിനം, 62 ടി-20) മത്സരങ്ങളില്‍ നിന്നായി കോഹ്‌ലി ഇതുവരെ നേടിയത് 19,896 റണ്‍സാണ്. ഏകദിനത്തില്‍ 11,000 റണ്‍സ് അതിവേഗം പിന്നിട്ടത്തിന്റെ റെക്കോര്‍ഡ് സച്ചിനെ മറികടന്ന് കോഹ്‌ലി നേടിയിരുന്നു.
നാലില്‍ വീണ്ടും ശങ്ക(ര്‍)
ധവാന്‍ പരുക്കു പറ്റി പുറത്തായതോടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോളില്‍ എത്തി. നിലവില്‍ നാലാം നമ്പറില്‍ പരിഗണിക്കുന്നത് വിജയ ശങ്കറിനെയാണ്. എന്നാല്‍ താരത്തിന്റെ പരുക്ക് പുതിയൊരു തലവേദനയാണ് ടീം മനേജ്‌മെന്റിന് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് വിജയ് ശങ്കര്‍ പരുക്കു കാരണം ഇറങ്ങാതിരുന്നാല്‍ ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നീ താരങ്ങള്‍ക്കായിരിക്കും സാധ്യത കൂടുതല്‍.
ഭുവനേശ്വര്‍ കുമാര്‍
പാകിസ്താനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ കാലിനേറ്റ പരുക്കുമൂലം മൈതാനം വിട്ട ഭുവനേശ്വറിന് രണ്ടു മൂന്നു മത്സരങ്ങള്‍ നഷ്ടമാകും. മുഹമ്മദ് ഷമിയാണ് ഭുവനേശ്വറിന് പകരക്കാരനാവുക.
വിജയ് ശങ്കര്‍
നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ ബുംറയുടെ യോര്‍ക്കര്‍ കാല്‍ വിരലിനേറ്റതാണ് ശങ്കറിന് തിരിച്ചടിയായത്. ഇന്നത്തെ മത്സരത്തില്‍ ശങ്കര്‍ കളിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല.
ദിനേഷ് കാര്‍ത്തിക്
ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ ദിനേഷ് കാര്‍ത്തിക്കിന് നറുക്കു വീഴാനാണു സാധ്യത. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക്കിന് വിനയാകുന്നത് ഫോം ഔട്ടാണ്.
അഫ്ഗാന്‍ ചുവപ്പു ജഴ്‌സിയില്‍
ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാന്‍ അവരുടെ എവേ ജഴ്‌സിയായ ചുവപ്പില്‍ ഇറങ്ങിയേക്കും. വൈകിട്ട് മൂന്നിന് റോസ്ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഋഷഭ് പന്ത്
സോഷ്യല്‍ മീഡിയ പിന്തുണയ്ക്കുന്നത് ഋഷഭിനെയാണ്. എന്നാല്‍ കളിക്കളത്തിലെ പരിചയക്കുറവാണ് താരത്തിന് തിരിച്ചടിയാകുന്നത്.
ശിഖര്‍ ധവാന്‍
ആസ്‌ത്രേലിയക്കെതിരേ മത്സരത്തിനിടെ പരുക്കേറ്റ ശിഖര്‍ ധവാന്‍ ടീമില്‍നിന്നു പുറത്തായി. തുടക്കത്തില്‍ വളരെ പെട്ടന്നു തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്താമെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ധവാന്റെ അഭാവത്തില്‍ രാഹുലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് രോഹിതുമൊത്ത് ഓപ്പണ്‍ ചെയ്തത്. ധവാന് കളിക്കാന്‍ കഴിയില്ല എന്ന സാഹചര്യത്തില്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന ധവാന്റെ അഭാവം ടീമിന് വലിയ വെല്ലുവിളിയാകില്ലാ എന്നാണ് പ്രതീക്ഷ.
അഫ്ഗാന്‍ ചുവപ്പു ജഴ്‌സിയില്‍
ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാന്‍ അവരുടെ എവേ ജഴ്‌സിയായ ചുവപ്പില്‍ ഇറങ്ങിയേക്കും. വൈകിട്ട് മൂന്നിന് റോസ്ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."