സഞ്ജീവ് ഭട്ടിനെ കുടുക്കിയത് കള്ളക്കേസില്‍; കിഡ്‌നി തകരാറിനാല്‍ മരിച്ചത് കസ്റ്റഡി പീഡനമാക്കി
ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കേസില്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെതിരേ ഗുജറാത്ത് സര്‍ക്കാര്‍ ചുമത്തിയത് കള്ളക്കേസ്. ഭട്ടുമായി നേരിട്ട് ബന്ധമില്ലാത്ത കസ്റ്റഡി പീഡനക്കേസില്‍ ഭട്ടിനെ പിന്നീട് പ്രതിചേര്‍ക്കുകയായിരുന്നു.
1990ല്‍ വര്‍ഗീയ കലാപം നടത്തിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ട പ്രഭുദാദ് മാധവ്ജി വൈഷ്ണാനിയെന്നയാള്‍ പിന്നീട് മരണപ്പെട്ടതാണ് കേസ്. അയാളെ കസ്റ്റഡിയിലെടുത്തത് ഭട്ടായിരുന്നില്ല. അയാള്‍ മരിച്ചത് കസ്റ്റഡിയില്‍ വച്ചുമല്ലായിരുന്നു. കിഡ്‌നി രോഗം മൂലം മരിച്ചത് കസ്റ്റഡി പീഡനമെന്നാക്കി ഭട്ടിനെ കേസില്‍ കുടുക്കുകയായിരുന്നു.
1990 ഒക്ടോബര്‍ 24ന് അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ഗുജറാത്തിലുണ്ടായ വര്‍ഗീയ കലാപത്തോടനുബന്ധിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. ബിഹാറില്‍ രഥയാത്ര തടയപ്പെട്ടതോടെ ജാംനഗറില്‍ മുസ്‌ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ജാംനഗര്‍ റൂറല്‍ ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പിയായിരുന്നു ഭട്ട്. കംപാലിയ ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അവധിയിലായതോടെ ഈ മേഖലയുടെ ചുമതലയും ഭട്ടിനായി. പിന്നാലെ മുഴുവന്‍ ജില്ലയുടെയും ചുമതല നല്‍കി. ഒക്ടോബര്‍ 30ന് ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്നാലെ വ്യാപകമായ വര്‍ഗീയ കലാപമുണ്ടായി. ജില്ലാ കലക്്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
എന്നാല്‍ അപ്പോഴേക്കും ജാംജോദ്പൂരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ അക്രമം നടക്കുകയും മുസ്‌ലിംഗ്രാമങ്ങളും വീടുകളും കടകളും ചുട്ടെരിക്കപ്പെടുകയും ചെയ്തിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കുകയാണ് ഭട്ട് ആദ്യം ചെയ്തത്. ഇതുപ്രകാരം ജാംജോദ്പൂര്‍ പൊലിസ് 133 അക്രമികളെ അറസ്റ്റ് ചെയ്തു. അതിലൊരാളായിരുന്നു വൈഷ്ണാനി. പ്രദേശത്തെ പൊലിസാണ് അയാളെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ടിന് അതുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. അന്നേദിവസം ഉച്ചക്ക് 1.30ന് ഭട്ട് ജാംജോദ്പൂര്‍ പൊലിസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.
അറസ്റ്റിലായവരുടെ വിവരങ്ങള്‍ സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരേ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പൊലിസ് ഉദ്യോഗസ്ഥരായ കെ.എന്‍ പട്ടേല്‍, താക്കൂര്‍, മഹാശങ്കര്‍ ജോഷി എന്നിവരടങ്ങിയ സംഘമാണ് വൈഷ്ണാനിയെ അറസ്റ്റ് ചെയ്തത്. അയാളുടെ സഹോദരനും കൂട്ടത്തിലുണ്ടായിരുന്നു.
133 പേരില്‍ ഒരാളെപ്പോലും ഭട്ട് ചോദ്യം ചെയ്തിട്ടില്ല. ആരും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുകയുണ്ടായില്ല. കോടതിയില്‍ ഹാജരാക്കിയപ്പോഴും ആരും അത്തരത്തിലൊരു പരാതിയുമുന്നയിച്ചിട്ടില്ല.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് എല്ലാവര്‍ക്കും ജാമ്യം കിട്ടി. അതിന് ശേഷവും പരാതിയില്ലായിരുന്നു. വൈഷ്ണാനിയെ 12 നവംബറില്‍ കിഡ്‌നി രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. 18ന് അയാള്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പീഡനം കാരണമാണ് മരണമെന്ന് രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിയുടെ സഹോദരനും കൂട്ട് പ്രതിയുമായ അമൃത്‌ലാല്‍ വൈഷ്ണാനിയാണ് പ്രതി മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം സഞ്ജീവ് ഭട്ടിനെതിരേ പരാതി നല്‍കുന്നത്. ഈ കേസ് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഭട്ടിനെതിരേ ഉപയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."