കാരൂരിലെ പ്ലാസ്റ്റിക് കമ്പനിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
മാള: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കാരൂര്‍ ഷോലയാറിലെ അനധികൃത പ്ലാസ്റ്റിക് നിര്‍മാണ സ്ഥാപനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ബോട്ടില്‍ നിര്‍മാണ സ്ഥാപനം വന്‍തോതില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞ അളവില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയോടെയാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.
അനുമതിയില്ലാതെ വന്‍ തോതില്‍ പ്ലാസ്റ്റിക് ഉല്പ്പാദനമാണിപ്പോള് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൂടാതെ പ്ലാസ്റ്റിക് പൊടിക്കുന്ന മെഷിനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പരാതിയുമായി പഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചവരോട് വന്‍തോതില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ പ്രദേശത്ത് കാന്‍സര്‍ വ്യാപകമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു .
കമ്പനിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകള്‍ കാന്‍സര്‍ ബാധിതരായി ചികിത്സയിലാണ്. ചില രോഗികള്‍ മരിക്കുകയും ചെയ്തു. അനധികൃത പ്ലാസ്റ്റിക് നിര്‍മാണ കമ്പനി ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റാന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രദേശ വാസികള്‍ കമ്പനിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."