തഹസില്‍ദാറേ സ്ഥലം മാറ്റി, നീക്കം എം.എല്‍.എയുടെ ബന്ധുവിന്റെ തടയണ പൊളിക്കല്‍ മരവിപ്പിക്കാനോ?
മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റം. ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് നിയമനം.
ഇന്നലെയാണ് പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്ന് വേഗത്തിലാക്കുമെന്ന് ഇന്നലെ തഹസില്‍ദാര്‍ അറിയിച്ചിരുന്നു.
ഇതിനുപിന്നാലെയെത്തിയ സ്ഥലംമാറ്റ ഉത്തരവ് പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാല്‍ ഇതുസംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നാണ് തഹസില്‍ദാറുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. കൊല്ലത്ത് നിന്നും പ്രമോഷനോടെയാണ് പി.ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്. അതേസമയം ഇന്നും കക്കാടാംപൊയിലിലേക്ക് പോകുമെന്നും തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു.
ഇടക്കിടെ പെയ്യുന്ന മഴ പ്രവര്‍ത്തികള്‍ക്ക് തടസമുണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച വേഗതയില്‍ പൊളിച്ചുമാറ്റല്‍ നടക്കുന്നില്ലെങ്കില്‍ രാത്രിയിലും പൊളിച്ചു നീക്കല്‍ തുടരാന്‍ റവന്യു ഉദ്യോഗസ്ഥര്‍ ആലോചിച്ചു വരികയായിരുന്നു. ഈ വിഷയത്തില്‍ ഇന്ന് മലപ്പുറം ജില്ലാ കലക്ടര്‍ തീരുമാനമെടുക്കാനിരിക്കെയാണ് പൊളിച്ചു നീക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റം. പൊളിച്ചുനീക്കല്‍ ഇതോടെ അവസാനിപ്പിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."