സ്‌കൂളിലെ സംഘര്‍ഷം: പൊലിസ് വാഹനം തടഞ്ഞതിന് നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
കാസര്‍കോട്: സ്‌കൂള്‍ കോംപൗണ്ടില്‍ വിദ്യാര്‍ഥിയെ പൊലിസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലിസ് വാഹനം തടഞ്ഞ സംഭവത്തില്‍ ചെമ്മനാട് സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് കേസെടുത്തു.
പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരിലാണ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസടുത്തത്. പൊലിസ് വാഹനം തടയല്‍, സ്‌കൂള്‍ ഗേറ്റ് പൂട്ടല്‍, പാത ഉപരോധം, പൊലിസിനെ അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും വിദ്യാര്‍ഥികള്‍ക്കെതിരേ ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് പൊലിസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പൊലിസ് വാഹനം തടഞ്ഞത്. ഇതേ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തുകയും ഒട്ടനവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് പൊലിസ് സ്‌കൂള്‍ കോംപൗണ്ടില്‍ കയറി കുട്ടികളെ തല്ലിച്ചതച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സ്‌പോര്‍ട്‌സ് ഡേ ആയതിനാണ്ടണ്ടണ്ടല്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ നാലു പൊലിസുകാരെ സ്‌കൂളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇതിന്റെ മറവിലാണ് സ്‌കൂള്‍ കോംപൗണ്ടില്‍ കയറി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തടയാന്‍ ശ്രമിച്ചവരെ പൊലിസ് ക്രൂരമായി അടിക്കുകയും ചെയ്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പൊലിസിന്റെ അടിയില്‍നിന്നു രക്ഷപ്പെട്ടു കിലോമീറ്ററുകള്‍ അകലെയുള്ള കൊമ്പനടകത്ത് എത്തിയ വിദ്യാര്‍ഥികളെ പോലും പൊലിസ് പിന്തുടര്‍ന്നെത്തി മര്‍ദിച്ചതായും രക്ഷിതാക്കള്‍ പറഞ്ഞു.
ചെമ്മനാട് മാവിലയിലെ കെന്‍സ് ഓഡിറ്റോറിയത്തില്‍ അഭയം തേടിയെത്തിയ കുട്ടികളെ തല്ലിച്ചതക്കുന്നതുകണ്ട ഓഡിറ്റോറിയം ഉടമ അതുതടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും പൊലിസ് മര്‍ദിച്ചതായി പറയുന്നു. ഓഡിറ്റോറിയത്തിലെ ഫര്‍ണിച്ചറുകളും കസേരകളും പൊലിസ് തകര്‍ക്കുകയും ചെയ്തു.
പൊലിസിനെ കണ്ടുഭയന്നോടി പൊട്ടക്കിണറ്റില്‍ വീണ രണ്ടു കുട്ടികളെയും കിണറില്‍നിന്നു പുറത്തെടുത്ത ശേഷം പൊലിസ് അടിച്ചു. ഇതിനിടയില്‍ പൊട്ടകിണറ്റില്‍ വീണ രണ്ടു പൊലിസുകാര്‍ക്കും കിണറ്റില്‍ വീണു പരുക്കേറ്റതായി പറയുന്നു. പ്രസ്തുത സംഭവത്തെയാണ് കുട്ടികള്‍ പൊലിസിനെ അക്രമിച്ചുവെന്ന് ആരോപിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.
സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പൊലിസിനെ കണ്ടു കാട്ടിലൊളിച്ച ഒരു കുട്ടിയെ രാത്രി 11നു ശേഷമാണ് പിതാവെത്തി വീട്ടിലേക്കു കൊണ്ടുപോയത്. മറ്റൊരു കുട്ടി ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞ് രക്ഷിതാവെത്തി ആശുപത്രിയിലേക്കു മാറ്റി.
അതേ സമയം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രധാനധ്യാപകന്‍ എന്നിവരുടെ അനുമതിയോടെയാണ് സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിച്ചതെന്നും അക്രമം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലിസ് പറയുന്നത്. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉണ്ടെന്ന വാദവും പൊലിസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. എന്നാല്‍ ആഘോഷങ്ങളില്‍ ഉപയോഗിക്കാറുള്ളതും പുക തുപ്പുന്നതുമായ സ്‌മോക് സ്‌പ്രേയാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."