വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്ന കച്ചവടക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തദ്ദേശീയരില്‍നിന്നു ഈടാക്കുന്നതിലുമധികം തുക ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭിന്നശേഷിസൗഹൃദമാക്കിയാല്‍ മാത്രമേ പുതിയ ടൂറിസം പദ്ധതികള്‍ക്കു അംഗീകാരം നല്‍കൂ എന്ന ചട്ടം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. നിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമലബാറിലെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നടപടി ആരംഭിച്ചു. സന്നിധാനത്ത് റോപ്പ് വേ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണ് ഇതില്‍ പ്രധാനം. അനുമതി ലഭിച്ചാലുടന്‍ പദ്ധതി തുടങ്ങാന്‍ കഴിയും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇനി ശബരിമലയില്‍ അനുവദിക്കൂ. ശബരിമല ഇടത്താവളങ്ങളായി 37 ക്ഷേത്രങ്ങളെകൂടി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 18 എണ്ണം അടിയന്തിരമായി ആരംഭിക്കാന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. കിഫ്ബി വഴിയാണ് ഇടത്താവള പദ്ധതികള്‍ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
കറന്‍സി നിരോധനം ടൂറിസം മേഖലയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചു. മുന്‍കൂര്‍ ബുക്കിങ്ങില്‍ 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 15 മുതല്‍ 20 ശതമാനം വരെയും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ 20 മുതല്‍ 40 ശതമാനം വരെയും കുറവുണ്ടായി. ഹോട്ടലുകളുടെ ഫുഡ് ആന്‍ഡ് ബിവ്‌റെജസ് വില്‍പനയില്‍ 20മുതല്‍ 25 ശതമാനം വരെ ഇടിവുണ്ടായി. കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, സാഹസിക ടൂറിസം എന്നിവയെയും നോട്ടു നിരോധനം ബാധിച്ചു. മദ്യവില്‍പന നിയന്ത്രണങ്ങള്‍ മൂലം കെ.ടി.ഡി.സിയുടെ 22 ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. ഇതു മൂലം 58.02 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."