നീല നൈല്‍ ചുവക്കുമ്പോള്‍
ഏപ്രില്‍ 11നാണ് മൂന്നര പതിറ്റാണ്ടു കാലത്തെ ഉമര്‍ അല്‍ ബാഷിറിന്റെ ഏകാധിപത്യ ഭരണത്തെ തൂത്തെറിയാന്‍ സുദാനിലെ പ്രക്ഷോഭകാരികള്‍ക്കായത്. അന്നവര്‍ സ്വാതന്ത്ര്യത്തിന്റെ, സമാധാനത്തിന്റെ, പട്ടിണിയില്ലായ്മയുടെ പുതുപുലരി സ്വപ്നംകണ്ടു. ഖുര്‍ത്തൂമിന്റെ അന്തരീക്ഷത്തില്‍ ആഹ്ലാദത്തിന്റെ ആരവങ്ങള്‍ മുഴങ്ങി. ജനാധികാരത്തിലുള്ള സര്‍ക്കാരുണ്ടാക്കാന്‍ അവരെല്ലാം കൂടി പരിവര്‍ത്തന സൈനിക കൗണ്‍സിലിന് (ടി.എം.സി) രൂപം നല്‍കി. അവര്‍ക്കിത് ആദ്യത്തെ വിപ്ലവാനുഭവമല്ലായിരുന്നു. പിതാക്കന്മാരില്‍ നിന്നും പൂര്‍വ്വ പിതാക്കന്മാരില്‍ നിന്നും പകര്‍ന്നുകിട്ടിയ വിപ്ലവ വീര്യമുണ്ടായിരുന്നു അവരുടെ ഞരമ്പുകളില്‍. 1964 ലും 1985 ലും എങ്ങനെയാണോ ജനപ്രിയരല്ലാത്ത സൈനിക മേധാവികളെ നീക്കിയത്, അതിന്റെ ചുവടുപിടിച്ചെന്ന പോലെയായിരുന്നു ഈ പ്രക്ഷോഭവും. പക്ഷെ, മുന്‍ വിപ്ലവങ്ങളിലേതു പോലെത്തന്നെ അന്ത്യവിജയം ഇപ്രാവശ്യവും ജനങ്ങള്‍ക്കനുഭവിക്കാനായില്ല. അതിനു മുന്‍പേ കാര്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. വിപ്ലവാനന്തരം മിലിട്ടറിയുടെ പ്രതിവിപ്ലവം പ്രേതബാധ പോലെ ഇപ്പോഴും തുടര്‍ന്നെത്തി.
ബാഷിറിനെ പുറത്താക്കിയതിനു പിന്നാലെ, ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തില്‍ പരിവര്‍ത്തന സമിതിക്ക് രൂപം നല്‍കി. ജനാധിപത്യ സര്‍ക്കാരിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതു വരെ രണ്ടുവര്‍ഷം മിലിട്ടറി ഭരിക്കുമെന്ന് ബുര്‍ഹാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ബാഷിറിന്റെ തന്ത്രമാണെന്നും ബാഷിറുമായി അടുത്ത ബന്ധമുള്ളവരാണ് അധികാരം കൈക്കലാക്കിയതെന്നും ആരോപിച്ച പ്രക്ഷോഭകര്‍, ഉടന്‍ ഭരണം ജനാധിപത്യ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധത്തിലായി.
വിപ്ലവം കൊള്ളയടിക്കപ്പെട്ടപ്പോള്‍
'എല്ലാവരും തകര്‍ച്ചയിലും അതീവ ദു:ഖത്തിലുമാണ്. നിങ്ങള്‍ക്കത് അവരുടെ മുഖങ്ങളില്‍ കാണാം- ബസുകളില്‍, തെരുവുകളില്‍. വിപ്ലവം ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടിരിക്കു
ന്നു'- പ്രശസ്ത മാധ്യമപ്രവര്‍ത്തക യൂസ്‌റ എല്‍ബാഗിറിന്റെ ട്വീറ്റ്.
മാസങ്ങളോളം തങ്ങള്‍ സമാധാനപരമായി നടത്തിയ വിപ്ലവത്തെ ജനറലുമാരുടെ നേതൃത്വത്തിലുള്ള ടി.എം.സി അട്ടിമറിച്ചതറിഞ്ഞതോടെ ചങ്കുപൊട്ടിയിരിക്കുകയാണ് സുദാനികള്‍ക്ക്. പൂര്‍ണമായും സിവിലിയന്‍ ഭരണം നടപ്പാകുമെന്ന് സ്വപ്നംകണ്ട വിപ്ലവകാരികള്‍ക്ക് പക്ഷെ, ഭരണത്തില്‍ പിടിമുറുക്കാന്‍ ശ്രമം നടത്തുന്ന ടി.എം.സിയെ ആണ് പിന്നീട് കണ്ടത്. മാസങ്ങള്‍ നീണ്ട പോരാട്ട ചരിത്രത്തെ ചവിട്ടിമെതിക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അവര്‍, വിപ്ലവത്തെ കൂടുതല്‍ സജീവമാക്കി. ഇതോടെ, ജനറലുമാര്‍ അവരുടെ യഥാര്‍ഥ മുഖം അഴിച്ചിട്ടു. ജൂണ്‍ മൂന്നിന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ (ആര്‍.എസ്.എഫ്) നേതൃത്വത്തില്‍ ഖുര്‍ത്തൂമില്‍ തടിച്ചുകൂടിയ പ്രക്ഷോഭകാരികള്‍ക്കു നേരെ തീതുപ്പി. അവര്‍ പ്രതിഷേധത്തിനിരുന്ന പന്തലുകള്‍ക്ക് തീവച്ചു. എന്നിട്ടും പിരിയാത്തവരെ വെടിവച്ചു കൊന്നു. അന്നെത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നും അവ്യക്തം. ആരും ഒന്നും പുറത്തുവിട്ടില്ല. പക്ഷെ, നീല നിറത്തിലൊഴുകുന്ന നൈലിനെ ചുവപ്പിച്ചു കൊണ്ട് കൂട്ടമായി ഒഴുകിനടന്ന മൃതദേഹങ്ങള്‍ ലോകശ്രദ്ധയുണര്‍ത്തി. അന്നവിടെ പൊലിഞ്ഞത് 128 ജീവനുകളെന്നാണ് ഡോക്ടര്‍മാരുടെ സംഘം പുറത്തുവിടുന്നത്.
അതുകൊണ്ടും തീരുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബലാത്സംഗവും പീഡനവും ക്രൂരതയും അരങ്ങുതകര്‍ക്കുന്നു. മുന്‍പൊരിക്കല്‍ ജനങ്ങള്‍ക്കു മേല്‍ കിരാത ആക്രമണം അഴിച്ചുവിട്ട ആര്‍.എസ്.എഫിന് ഇത് രാകി മിനുക്കാനുള്ള അവസരം. 2003 ല്‍ ദാര്‍ഫറില്‍ ആര്‍.എസ്.എഫ് നടത്തിയ ക്രൂര ചെയ്തികളെ അറിയാന്‍ കാലങ്ങളെടുത്തുവല്ലോ.
ഖുബ്ബൂസ് വിപ്ലവം
സുദാന്റെ മൂന്നാം വിപ്ലവത്തിന് തുടക്കം കുറിക്കുന്നത് 2018 ഡിസംബറില്‍ വടക്കന്‍ നഗരമായ അത്ബാറയില്‍ നിന്നാണ്. സുദാന്റെ പ്രധാന ഭക്ഷണമായ ഖുബ്ബൂസിനു വേണ്ട ഗോതമ്പിന്റെ സബ്‌സിഡി ഒഴിവാക്കിയ പ്രാദേശിക ഭരണകൂടത്തിനെതിരെയായിരുന്നു ആദ്യ പ്രതിഷേധം. പിന്നീടത് വ്യാപിച്ചു, ബാഷിറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫിസുകള്‍ വിപ്ലവകാരികള്‍ തീയിട്ടു. സുദാന്റെ സാമ്പത്തിക നില അത്രയ്ക്ക് അധ:പതനത്തിലെത്തിയതോടെയാണ് വിലക്കയറ്റം ഖുബ്ബൂസിലെത്തിയത്. നാണയപ്പെരുപ്പം 70 ശതമാനത്തിലെത്തി. ഉത്തര സുദാന്‍ വേര്‍പിരിഞ്ഞപ്പോള്‍, പ്രധാന വരുമാന മാര്‍ഗമായ എണ്ണയുടെ മൂക്കാല്‍ ഭാഗവും കൊണ്ടുപോയതാണ് ദക്ഷിണ സുദാന് തിരിച്ചടിയായത്.
എങ്കിലും ബാഷിറിന് ഇതില്‍ എന്തെങ്കിലും ചെയ്യാനാവുമായിരുന്നുവെന്നാണ് ജനങ്ങള്‍ കരുതുന്നത്. നിര്‍ഭാഗ്യവും എണ്ണവില കുറഞ്ഞതും അമേരിക്കയുടെ ഉപരോധവുമാണ് സാമ്പത്തിക ഭദ്രത തകര്‍ന്നതിന്റെ കാരണമായി ബാഷിര്‍ പറഞ്ഞത്. എന്നാല്‍ ബാഷിര്‍ സര്‍ക്കാരിന്റെ ബജറ്റ് നോക്കിയാല്‍ കാര്യങ്ങള്‍ മറിച്ചെന്ന് വ്യക്തമാവും. 60-70 ശതമാനവും സൈന്യത്തെ ശക്തിപ്പെടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. അരപ്പട്ടിണിയില്‍ കഴിയുന്ന ഒരു രാജ്യത്തെ മുഴുപ്പട്ടിണിയിലാക്കാന്‍ വേറെന്തു വേണം.
പിന്നീട് പ്രതിഷേധം വ്യാപ്തി പ്രാപിച്ച് രാജ്യ തലസ്ഥാനമായ ഖുര്‍ത്തൂമിലുമെത്തി. വൈകിയെത്തിയ അറബ് വിപ്ലവം എന്നു വരെ സുദാനീ വിപ്ലവത്തിന് പേരുവീണു. ജനങ്ങള്‍ക്ക് വിപ്ലവത്തില്‍ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. കാരണം, ഇതിനെല്ലാം പിന്നില്‍ ചുക്കാന്‍ പിടിച്ചത്, ഡോക്ടര്‍മാരും നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന സുദാനീസ് പ്രൊഫഷണല്‍ അസോസിയേഷനായിരുന്നു. ഭരണത്തില്‍ നിന്ന് ഇറങ്ങുക, അതാണ് എല്ലാറ്റിനുമുള്ള പരിഹാരം എന്നവര്‍ പ്രഖ്യാപിച്ചു. ഒടുവില്‍ ബാഷിര്‍ ഇറങ്ങിയെങ്കിലും അടിച്ചമര്‍ത്തലില്‍ നിന്ന് സുദാനികള്‍ മോചിതരായില്ല.
നീലിമ വിപ്ലവം
ഈയിടെയാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈലുകള്‍ നീല നിറം സ്വീകരിക്കാന്‍ തുടങ്ങിയത്. ബ്ലൂ ഫോര്‍ സുദാന്‍ എന്ന ഹാഷ്ടാഗോടെ അവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുകയാണ് സോഷ്യല്‍മീഡിയാ ലോകം. ജൂണ്‍ മൂന്നിന് ആര്‍.എസ്.എഫിന്റെ ആക്രമണമുണ്ടായപ്പോള്‍ വധിക്കപ്പെട്ട ആദ്യത്തെയാള്‍ 26 കാരന്‍ എന്‍ജിനിയറായ മുഹമ്മദ് മതാര്‍ ആണ്. രണ്ട് സ്ത്രീകളെ രക്ഷിക്കുന്നതിനിടയിലായിരുന്നു മതാറിന് വെടിയേറ്റത്. അവനന്നേരം ധരിച്ചിരുന്നത് അവന്റെ ഇഷ്ടനിറമായ നീലയായിരുന്നു. അതും നൈല്‍ നദി പോലെ ചോര കൊണ്ട് ചുവന്നപ്പോള്‍ വിപ്ലവ വീര്യം ആളിക്കത്തി. ബ്ലൂ ഫോര്‍ സുദാന്‍ എന്ന ഹാഷ്ടാഗില്‍ ലോകം മൊത്തം ആളുകള്‍ സുദാന് പിന്തുണ പ്രഖ്യാപിച്ചെത്തി. അവിടെ നടക്കുന്നതിന്റെ ചെറുരൂപമെങ്കിലും പുറംലോകത്തെത്താന്‍ ഇതു സഹായിച്ചു. എങ്കിലും സുദാനീ വിപ്ലവകാരികള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട പ്രതീതിയിലാണ്. അവരുടെ ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാനോ ആശയവിനിമയം നടത്താനോ അവര്‍ക്ക് മറ്റ് മാധ്യമങ്ങളില്ല. ജനാധിപത്യ സര്‍ക്കാരിന് അനുകൂലമായി സംസാരിക്കുന്ന, വിപ്ലവ അട്ടിമറിക്കെതിരെ എഴുതുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു.
വിപ്ലവ വഴികള്‍
സുദാനീ പെണ്ണുങ്ങളുടെ പരമ്പരാഗത വസ്ത്രമായ വെള്ള നിറത്തിലുള്ള തൂബ് ധരിച്ച്, വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും വിളിച്ചുകൊടുക്കുന്ന 22 കാരിയാണ് വിപ്ലവത്തെ കൊടുങ്കാറ്റായി മാറ്റിയ മറ്റൊരാള്‍. ഖുര്‍ത്തൂം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അലാ സലാ. ഖൂര്‍ത്തൂമില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്കു നടുവില്‍ കാറിനു മുകളില്‍ കയറിനിന്ന് അവര്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു. താളാത്മകമായി വിളിക്കുന്ന മുദ്രാവാക്യത്തിനൊടുവില്‍ കൂടിനിന്നവര്‍ സൗറ (വിപ്ലവം) എന്നുറക്കെ പറയുന്നു. അലാ സലായുടെ മുദ്രാവാക്യം വിളിയും പ്രകടനവും ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പ്രദേശിക ഫോട്ടോഗ്രാഫര്‍ ലാന ഹാറൂണ്‍ എടുത്ത അലായുടെ ചിത്രം വൈറലാവുകയും സുദാന്‍ വിപ്ലവത്തിന്റെ മുഖമായി അവള്‍ മാറുകയും ചെയ്യുകയായിരുന്നു.
ഇനിയെന്ത്
സംഭവിക്കും
മിലിട്ടറി നേതാക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുകയാണെങ്കില്‍ പൂര്‍ണമായി ജനാധിപത്യ സര്‍ക്കാരിനുള്ള വഴി തുറക്കും. അതല്ലെങ്കില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും നിരായുധരായ വിപ്ലവകാരികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരും. നൈലിന്റെ മാറിടം പിന്നെയും കുറേ രക്തഹാരങ്ങള്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."