മൂന്നു പതിറ്റാണ്ടിന് ശേഷം ഓര്‍മ്മയുടെ നിലാവത്ത് അവര്‍ ഒത്തുകൂടി
കാസര്‍കോട്: ഓര്‍മ്മയുടെ ഊഞ്ഞാലുകെട്ടി നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികള്‍ ഒത്തു കൂടിയപ്പോള്‍ അവര്‍ക്കത് അനിര്‍വചനീയമായ അനുഭവമായി. തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ 1984, 85, 86 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാര്‍ഥികളുടെ കുടുംബസംഗമമാണ് കാസര്‍കോട് വനിതാ ഭവനില്‍ സംഘടിപ്പിക്കപ്പെട്ടത്.
'ജി.എം.എച്ച്.എസ് അലുമ്‌നി' എന്ന വാട്‌സ്ആപ് കൂട്ടായ്മയാണ് ഓര്‍മ്മകളുടെ നിലാവത്ത് അഞ്ചു മണിക്കൂര്‍ ഒത്തുകൂടിയ സ്‌നേഹസംഗമം ഒരുക്കിയത്.
പഴയ ക്ലാസ് മുറികളില്‍ കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങളും കലോത്സവ വേദികളിലെ മിന്നും പ്രകടനങ്ങളും സമര ജ്വാലകളും മുതല്‍ ചക്കരമിഠായിയുടെ സ്വാദും മുറിച്ചിട്ട കക്കിരിയില്‍ മുളക് പൊടി വിതറി തിന്നതിന്റെ എരിവുമടക്കം സംഗമത്തില്‍ ചര്‍ച്ചാവിഷയമായി.
ബല്‍ക്കീസ്, ഓമന, ഹംസു പള്ളിക്കാല്‍ തുടങ്ങിയവര്‍ പാട്ടുകള്‍ പാടി. ഹാഷിം നജാത്ത് മോണോ ആക്ടും ബഷീര്‍ തൂഫാന്‍ മാജിക്കും അവതരിപ്പിച്ചു. ഒപ്പനയും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്ത്രീകളും കുട്ടികളുമടക്കം 200ഓളം പേര്‍ സംഗമത്തിനെത്തി.
ഡോ. വി. മഹ്മൂദ്, മുസ്‌ലിം ഹൈസ്‌കൂള്‍ ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.ഇ അന്‍വര്‍ ചടങ്ങില്‍ അധ്യക്ഷനായി. ഹനീഫ് പള്ളിക്കുന്നു,ബഷീര്‍ തൂഫാന്‍, ഹാരിസ് കെ.കെ പുറം, ഖാദര്‍ കെ.കെ പുറം, റഫീഖ് ഉക്കാസ് ലണ്ടന്‍, ഹാരിസ് തെരുവത്ത്, ജലീല്‍ തായലങ്ങാടി, നാസര്‍ തായലങ്ങാടി, മന്‍സൂര്‍, സാജിദ് തെരുവത്ത്, ഹബീബ് കെ.കെ. പുറം, കെ.എം ഫസല്‍, അന്‍വര്‍, ഹമീദ് ബദ്‌രിയ, ഹംസു പള്ളിക്കാല്‍, പി.എച്ച്. അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ ബങ്കരക്കുന്ന് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."