ഒന്‍പത് വര്‍ഷത്തിനിടെ ആരോഗ്യ മേഖലയില്‍ ഒന്നേമുക്കാല്‍ ലക്ഷം സഊദികള്‍ക്ക് തൊഴില്‍
റിയാദ്: അടുത്ത ഒന്‍പതു വര്‍ഷത്തിനിടെ സഊദി ആരോഗ്യ മേഖലയില്‍ ഒന്നേമുക്കാല്‍ ലക്ഷം സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി സഊദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് രംഗത്ത്. അധികൃതരെ ഉദ്ധരിച്ച് അല്‍ മദീന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആരോഗ്യ മേഖലയിലെ സഊദി തൊഴിലാളികളുടെ എണ്ണം 74,900 ആണെന്നും 2027 ഓടെ ഇത് 171,700 ആക്കി ഉയര്‍ത്താനുമാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍, ഫാര്‍മസിസ്റ്റുകള്‍, ഡെന്റിസ്റ്റുകള്‍, വിവിധ മെഡിക്കല്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ മേഖലകളിലാണ് 1,71,700 സഊദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കമാരംഭിച്ചത്.
ഇതേ കാലയളവില്‍ ഈ മേഖലകളില്‍ വിദേശികളടക്കം 2,57,000 തൊഴിലാളികള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 7,268 പേര്‍ മാത്രമുള്ള രാജ്യത്തെ ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ നിരക്ക് 21,800 ആയി ഉയരുമെന്നും വിവിധ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം നിലവിലെ 33,900ല്‍ നിന്നും 50,800 ആയി ഉയരുമെന്നും വ്യക്തമാക്കുന്നുണ്ട്. ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തിലും വന്‍വര്‍ധനവ് ഉണ്ടാകും. നിലവില്‍ 9,440 പേര് മാത്രമാണ് ഈ മേഖലയിലുള്ളത്. ഇത് 26,700 ആക്കി ഉയര്‍ത്താനാണ് നീക്കം.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നഴ്‌സിങ് മേഖലയിലാണ് മെഡിക്കല്‍ രംഗത്തെ ഏറ്റവും താഴ്ന്ന തൊഴില്‍ നിരക്കുള്ളത്. ഒന്‍പതു വര്‍ഷത്തിനിടക്ക് ഇത് 12 ശതമാനമായി മാത്രമേ ഉയരൂവെന്നാണ് കരുതുന്നത്. 1,85,700 വിദേശ നഴ്‌സുമാര്‍ രാജ്യത്തുള്ളപ്പോള്‍ 26,200 സ്വദേശി നഴ്‌സുമാര്‍ മാത്രമാണ് രംഗത്തുള്ളത്. നിലവില്‍ വിവിധ മേഖലയില്‍ ത്വരിതഗതിയിലുള്ള സഊദിവല്‍ക്കരണം നടക്കുമ്പോള്‍ തന്നെ നഴ്‌സിംഗ് മേഖലയില്‍ തല്‍ക്കാലം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."