കാല്‍നൂറ്റാണ്ട് ആകാശയാത്ര നടത്തിയ ആദ്യ ബോയിങ് 777 വിമാനം ഇനി ആജീവനാന്ത വിശ്രമത്തില്‍
റിയാദ്: കാല്‍നൂറ്റാണ്ടുകാലം ആകാശത്ത് തേരോട്ടം നടത്തിയ ബോയിങ് 777 വിമാനത്തിന്റെ ആദ്യ വിമാനം യാത്ര അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അവസാന സര്‍വീസും നടത്തിയ ശേഷം മ്യൂസിയത്തിലേക്ക് മാറ്റി. വിവിധ രാജ്യങ്ങള്‍ താണ്ടിയ ആദ്യ കാലത്തെ ഭീമാകാരനായ വിമാന വിഭാഗത്തിലെ ആദ്യ സന്തതി ഇനി അരിസോണയിലെ പിമാ എയര്‍ എയര്‍ ആന്‍ഡ് മ്യൂസിയത്തിലാണ് കാഴ്ച വസ്തുവായി നിലകൊള്ളുക. നിര്‍മ്മാണ കമ്പനിയായ ബോയിങ്ങും സര്‍വീസ് നടത്തിയിരുന്ന കാതൈ പസിഫിക് എയര്‍ലൈന്‍സ് കമ്പനിയുമാണ് ഇവിടേക്ക് വിമാന നല്‍കിയത്.
ഡബ്ല്യു-എ 001 എന്ന നമ്പറില്‍ ബി.എച്ച്-എന്‍-എല്‍ എന്ന് രജിസ്റ്റര്‍ ചെയ്തു ഹോങ്കോങ് അടിസ്ഥാനമായി 24 വര്‍ഷത്തെ സര്‍വീസാണ് ആദ്യ ബോയിങ് 777 വിമാനം പൂര്‍ത്തിയാക്കിയത്. ലോകത്തെ ഏറ്റവും വിജയകരമായ ഇരട്ട എഞ്ചിനുള്ളതും രണ്ടു നിരയുള്ളതുമായ വിമാനമായാണ് ബോയിങ് 777 അറിയപ്പെടുന്നത്. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയ ബോയിങ് 777 വിമാനം 1994 ജൂണ്‍ 12 നാണു ആദ്യ പറക്കല്‍ നടത്തിയത്. എന്നാല്‍ കാതൈ പസിഫിക്കിനു ഇത് 2000 ത്തിലാണ് ലഭ്യമായത്. നിര്‍മ്മാണം കഴിഞ്ഞിറങ്ങിയ ദശകത്തിലെ പൂര്‍ണമായും കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (കാഡ്) സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ വിമാനമായിരുന്നു ബോയിങ് 777. മാത്രമല്ല 440 യാത്രക്കാരും അവരുടെ ലഗേജുകളുമായി മണിക്കൂറില്‍ 990 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള വിമാനവുമായിരുന്നു. കാല്‍ നൂറ്റാണ്ടിനിടക്ക് പതിനായിരക്കണക്കിന് യാത്രികരെ ലക്ഷ്യ സ്ഥാനത്തെത്തിച്ച ബോയിങ് 777 ആദ്യ വിമാനം ഇനി അരിസോണയിലെ പിമാ എയര്‍ എയര്‍ ആന്‍ഡ് മ്യൂസിയത്തില്‍ പൊതു ജനങ്ങള്‍ക്കായി കാഴ്ച്ചയൊരുക്കുന്ന 350 വിമാനങ്ങള്‍ക്കൊപ്പം ചരിത്രം വ്യക്തമാക്കി നിലനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."