കശ്മിരില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാല്‍ സംസ്ഥാനത്തെ അക്രമവും അസംതൃപ്തിയും അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന അവകാശവാദവുമായാണ് ബി.ജെ.പി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മാറിമാറി വരുന്നത് ജനങ്ങളുടെ അസംതൃപ്തി കുറയ്ക്കുമെന്ന വാദമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.
ഇക്കാര്യം കശ്മീര്‍ മുഖ്യമന്ത്രിയും സഖ്യകക്ഷിയായ പി.ഡി.പിയുടെ നേതാവുമായ മെഹബൂബ മുഫ്തിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഇതിനോട് അനുകൂലമായല്ല മെഹബൂബ പ്രതികരിച്ചതെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുന്‍പ് മെഹബൂബ ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും മറ്റ് ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രി സ്ഥാനം ഊഴം വച്ച് മാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറുമാസത്തിലൊരിക്കല്‍ സഖ്യകക്ഷികളില്‍ ഏതെങ്കിലും ഒരു കക്ഷിക്ക് ഭരണം കൈമാറുന്ന വ്യവസ്ഥയാണ് ബി.ജെ.പി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ നേരെയുള്ള അമര്‍ഷവും ജനങ്ങളുടെ അസംതൃപ്തിയും കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ നിര്‍ദേശത്തെ മെഹബൂബ മുഖവിലക്കെടുത്തിട്ടില്ല.
ഇക്കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരില്‍ ബെഹബൂബ മുഫ്തിയുടെ ജനപിന്തുണയില്‍ വന്‍ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കുനേരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പാക് അനുകൂല മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ രംഗത്തെത്തിയതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. ഇത് തങ്ങളുടെ അവകാശവാദത്തിന് ബലം നല്‍കുന്നുവെന്ന് ബി.ജെ.പി വിലയിരുത്തുന്നു.
അതേസമയം ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ ബന്ധമാണ് മെഹബൂബയുടെ ജനപിന്തുണ കുറയുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."