'സ്ഥാനമൊഴിയുന്നത് നേരത്തെയായിരുന്നെങ്കില്‍ പല വിവാദങ്ങളും ഒഴിവാക്കാമായിരുന്നു';വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷം. സ്ഥാനമൊഴിയുന്നത് നേരത്തേയായിരുന്നെങ്കില്‍ പലവിവാദങ്ങളും ഒഴിവാക്കാമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോടിയേരി നേരത്തേ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നൊന്നും പാര്‍ട്ടിസ്ഥാനം ഒഴിഞ്ഞിരുന്നില്ല.ഇപ്പോള്‍ പെട്ടെന്ന് രാജിവെക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഗുരുതര അഭിപ്രായ വ്യത്യാസം കാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇത്തരമൊരു അവസ്ഥ പാര്‍ട്ടിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിയുടെ സെക്രട്ടറി രാജിവെച്ചത് കൊണ്ട് മാത്രമാവില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേ സമയം ആദ്യം സ്ഥാനമൊഴിയേണ്ടത് മുഖ്യമന്ത്രിയാണെന്നും ഇപ്പോള്‍ രാജിവെച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ അപമാനം സഹിച്ച് പുറത്ത് പോകണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.
' സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നിര്‍വ്വഹിക്കുന്നതാണ് ' സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."