മൂന്നാര്‍ കാതോര്‍ക്കുന്നു, ഒരിക്കല്‍ക്കൂടി ആ ചൂളംവിളിക്ക്
തൊടുപുഴ: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ കേരളത്തിന്റെ കശ്മിരെന്ന് വിശേഷിപ്പിക്കുന്ന മൂന്നാര്‍ ഒരിക്കല്‍ക്കൂടി തീവണ്ടിയുടെ ചൂളംവിളിക്കായി കാതോര്‍ക്കുന്നു. ഒരു നൂറ്റാണ്ടുമുന്‍പ് ബ്രിട്ടീഷുകാര്‍ യാഥാര്‍ഥ്യമാക്കിയ തീവണ്ടി പുനര്‍ജനിക്കുമെന്ന പ്രതീക്ഷയേകി സംസ്ഥാന ടൂറിസം വകുപ്പ് മൂന്നാറില്‍ സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.ടി.പി.സി, കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ കമ്പനി അധികൃതരുള്‍പ്പെട്ട സംഘം പരിശോധന നടത്തി.
മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടി വരെയാണ് ആദ്യഘട്ടത്തില്‍ തീവണ്ടി ഗതാഗതം ഉദ്ദേശിക്കുന്നത്. 2012ല്‍ എമേര്‍ജിങ് കേരള പദ്ധതിയില്‍ പെടുത്തി 'ഹെറിറ്റേജ് റെയില്‍വേ ആന്‍ഡ് റോപ്‌വേ' എന്ന പേരില്‍ 500 കോടിയുടെ പദ്ധതി അവതരിപ്പിച്ചിരുന്നെങ്കിലും അത് കടലാസില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
2009ല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്ന കെ.സി ജന, തിരുവനന്തപുരം ഡിവിഷണല്‍ മാനേജരായിരുന്ന കോശി ടൈറ്റസ് എന്നിവര്‍ ഇതിനായി നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.
പദ്ധതിയില്‍ ഒരു രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ മൂന്നാറില്‍ റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു.
മഞ്ഞണിഞ്ഞ മൂന്നാറിന്റെ മലമടക്കുകളിലൂടെ തീവണ്ടിയുടെ ചൂളംവിളി സ്വപ്നംപോലും കാണാന്‍ കഴിയാത്തപ്പോഴാണ് 1906ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ അത് യാഥാര്‍ഥ്യമാക്കിയത്.
ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന തീവണ്ടിയുടെ ഭാഗങ്ങള്‍ മൂന്നാറില്‍വച്ച് കൂട്ടിയിണക്കുകയായിരുന്നു അന്ന് ചെയ്തത്. ജി.ഡബ്ല്യു.കോള്‍ എന്ന എന്‍ജിനീയറുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. കാളകളെക്കൊണ്ട് വലിപ്പിച്ചായിരുന്നു മൂന്നാറിലെ ആദ്യ ബോഗി ചലിച്ചത്.
പിന്നീട് വിറക് കത്തിച്ചുള്ള ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രത്തീവണ്ടി മൂന്നാറില്‍ ഓടിത്തുടങ്ങി. മൂന്നാറില്‍ നിന്നും ടോപ്‌സ്റ്റേഷനിലേക്ക് നാലു ട്രെയിനുകളാണ് അന്ന് കുതിച്ചോടിയത്.മൂന്നാറില്‍ തേയില കൃഷി ആരംഭിച്ച ബ്രട്ടീഷുകാര്‍ക്ക് തേയിലയും വനവിഭവങ്ങളും കടത്താനായിരുന്നു പ്രധാനമായും ഈ റെയില്‍പാത ഉപയോഗിച്ചിരുന്നത്. തേയിലത്തോട്ടങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാനും ഉന്നത ഉദ്യോഗസ്ഥരായ സായിപ്പന്‍മാര്‍ക്ക് യാത്ര ചെയ്യാനുമായി ഇവ ഉപയോഗിച്ചു പോന്നു.
32 കിലോമീറ്ററായിരുന്നു അന്നത്തെ പാളത്തിന്റെ ദൈര്‍ഘ്യം. തണുത്തുറഞ്ഞ മൂന്നാറിലെ പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും വെല്ലുവിളിച്ച് വളരെക്കാലം തീവണ്ടികള്‍ ഓടി.
99ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുന്ന 1924ലെ പ്രളയത്തിലും കൊടുങ്കാറ്റിലും റെയില്‍വേ ഉള്‍പ്പടെ മൂന്നാറിന്റെ പകുതിഭാഗം ഒലിച്ചു പോകുകയായിരുന്നു.
മൂന്നാറിലെ ടാറ്റാ ടീ മ്യൂസിയത്തില്‍ റെയില്‍വേയുടെ ഭാഗങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ടോപ്‌സ്റ്റേഷന്‍ ഭാഗത്തും റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ കാണാം.
കുണ്ടള വാലി റെയില്‍വേ സ്റ്റേഷന്‍ എന്നായിരുന്നു അന്നത്തെ സ്റ്റേഷന്റെ പേര്. അന്നത്തെ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് ടാറ്റാ ടീ കമ്പനിയുടെ ഓഫിസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."