തെക്കയില്‍ അമ്മദ്: വിടവാങ്ങിയത് മുന്നണി ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവ്
കക്കട്ടില്‍: പ്രഭാഷകനും മുന്‍ ഡി.സി.സി അംഗവുമായിരുന്ന തെക്കയില്‍ അമ്മദിന്റെ വേര്‍പാട് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. മുന്നണി രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചു നിര്‍ത്തിയ നേതാവിനെയാണ് തെക്കയില്‍ അമ്മദിന്റെ വിയോഗത്തോടെ നഷ്ടമായത്.
നാദാപുരം നിയോജക മണ്ഡലം ഉള്‍ക്കൊള്ളുന്ന നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അമ്മദ് ഐക്യ ജനാധിപത്യ മുന്നണിയിലുണ്ടാവുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അസുഖബാധിതനായി കിടപ്പിലായിരുന്നപ്പോള്പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം നാടിന്റെ പുരോഗതിക്കും മുന്നില്‍നിന്നിരുന്നു.
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, വി.എം ചന്ദ്രന്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എന്‍.കെ മൂസ മാസ്റ്റര്‍, കെ.പി രാജന്, അഡ്വ. പ്രമോദ് കക്കട്ടില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
നമ്പ്യത്താങ്കുണ്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി പവിത്രന് അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, വി.എം ചന്ദ്രന്, എം.പി ജാഫര്‍ മാസ്റ്റര്‍, കെ.പി രാജന്, ടി.പി.എം തങ്ങള്‍, ചാത്തു മാസ്റ്റര്‍, എ.ടി ശ്രീധരന് സംസാരിച്ചു. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയര്മാന് അഹമ്മദ് പുന്നക്കല്‍, നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്നിവ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."