മക്കള്‍ തോല്‍പ്പിച്ചു; അച്ഛന്‍ പടിയിറങ്ങി, കനത്ത ആഘാതത്തില്‍ സി.പിഎം
തിരുവനന്തപുരം: എന്നും പുഞ്ചിരിയോടെ മാത്രം എതിരാളികളെ പോലും നിശബ്ദമാക്കുന്ന ജനകീയനായ അച്ഛനെ തോല്‍പ്പിച്ചത് മക്കള്‍. അസുഖ ബാധിതനായിട്ട് പോലും പാര്‍ട്ടിയുെട അമരത്തിരുന്ന് നിയന്ത്രിച്ച കോടിയേരി ബാലകൃഷ്ണന്റെ പടിയറക്കത്തിന് കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയത് ഇളയ മകന്റെ ചെയ്തികളായിരുന്നു.
ബംഗളൂവുരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപുമായുള്ള ബിനീഷിന്റെ ബന്ധമായിരുന്നു കാരണം. കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ അനൂപല്ല ശരിക്കും ബോസ് ബിനീഷാണെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ സ്വപ്നയും കൂട്ടരും ഉണ്ടാക്കിയ പുകിലില്‍ പെട്ട് ഞെരുങ്ങുമ്പോള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പൊതുജന മധ്യത്തില്‍ പ്രതിരോധിക്കേണ്ട കനത്ത ഉത്തരവാദിത്വം നിറവേറ്റാനാവാതെ കോടിയേരി വിഷമിക്കുമ്പോഴായിരുന്നു മകന്റെ ചെയ്തികൂടി വന്നത്.
ഇതോടെ സി.പി.എം പ്രതിരോധത്തിലായി. മകന്‍ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചു എന്ന പഴയ കാപ്‌സ്യൂള്‍ ദിവസം മൂന്ന് നേരം വച്ച് സേവിച്ചിട്ടും അണികള്‍ തൃപ്തരായില്ല, തദ്ദേശ തിരഞ്ഞെടുപ്പ് കൂടി വന്നതോടെ വോട്ട് തേടി വീടുകളില്‍ കയറാനാവാത്ത അവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എത്തിയതോടെയാണ് പാര്‍ട്ടി നേതൃ കസേര ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്.
ഏറെ നാളായി അസുഖ ബാധിതനായിരുന്ന കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ പോലും പാര്‍ട്ടിയുടെ സാരഥ്യം ഒഴിഞ്ഞിരുന്നില്ല.
ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം തിരികെ എത്തി മുന്‍പത്തേ പോലെ പാര്‍ട്ടിയുടെ മുഖമായി അദ്ദേഹം തുടരുകയായിരുന്നു. മക്കളെ ന്യായീകരിക്കുമ്പോള്‍ മാത്രമായിരുന്നു കോടിയേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നത്. ലക്ഷങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയെ നിയന്ത്രിക്കുമ്പോഴും പുത്രന്‍മാരെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയാത്ത പിതാവാണ് കോടിയേരി എന്ന പരിഹാസം രാഷ്ട്രീയ എതിരാളികള്‍ പരസ്യമായും രഹസ്യമായും അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത മക്കളുടെ പ്രവര്‍ത്തിക്ക് കോടിയേരിയെയും പാര്‍ട്ടിയേയും ക്രൂശിക്കേണ്ട എന്ന വാദമാണ് സി.പി.എം ഉയര്‍ത്തിയിരുന്നത്.
കോടിയേരിയുടെ മൂത്ത മകന്‍ ബിനോയിക്കെതിരെ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസാണ് കോടിയേരിയെ ആദ്യം പ്രതിരോധത്തിലാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് ചെയ്ത വകയില്‍ 7.7 കോടി രൂപ കടം വാങ്ങിയ ശേഷം നല്‍കിയില്ല എന്ന ആരോപണവുമായി ദുബായ് കമ്പനിയാണ് രംഗത്ത് വന്നത്. കമ്പനി ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ആരോപണവുമായി കേരളത്തിലെത്തിയത് കോടിയേരിക്കും സി.പി.എമ്മിനും വലിയ തിരിച്ചടിയാവുകയും ചെയ്തു. കേസ് ദുബായില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ബിനോയ്ക്ക് അവിടെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ രായ്ക്ക് രാമാനം ഈ കേസ് ഒത്തുതീര്‍പ്പാകുകയായിരുന്നു. ഒരു പ്രമുഖ വ്യവസായി ഇടനിലക്കാരാനായി നിന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും അതല്ല ബിനോയ് വരുത്തിയ ബാധ്യത തീര്‍ത്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനൊപ്പം വിദേശത്ത് ബിനോയിയുടെ ബിസിനസിനെ സംബന്ധിച്ചും നിരവധി കഥകള്‍ പ്രചരിച്ചു. പാര്‍ട്ടിക്കുവേണ്ടി വീറോടെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന് പക്ഷേ മകന്റെ പിഴവുകള്‍ക്ക് മുന്നില്‍ നിശബ്ദനാകേണ്ടിവന്നു എന്നത് ചരിത്രം. തൊട്ടടുത്ത വര്‍ഷവും വിവാദവുമായി മൂത്തമകന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഇക്കുറി മാനഹാനി ഉണ്ടാക്കുന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. പീഡനപരാതിയുമായിട്ടാണ് ബീഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയത്. ബിനോയുമായുള്ള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ചെലവിന് കാശ് നല്‍കുന്നില്ലെന്നുമുള്ള ആരോപണമാണ് ഉയര്‍ന്നത്.യുവതി മുംബയ് പൊലിസില്‍ പരാതിയും നല്‍കിയതോടെ വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞു.
ബിനോയും യുവതിയും ഒത്തുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിട്ടുവെങ്കിലും പിന്നീട് 2021ല്‍ കേസ് പരിഗണിക്കുന്നത് വരെ ഡി.എന്‍.എ റിസള്‍ട്ട് പുറത്ത് വിടുന്നത് തടഞ്ഞു. ഇനി കേസ് കോടതി 2021ല്‍ പരിഗണിക്കുമ്പോള്‍ മാത്രമെ ഈ പരിശോധനയുടെ ഫലം അറിയുവാനാകൂ.
ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം വേണ്ട വിശ്രമം പോലും എടുക്കാതെയാണ് കണ്ണൂരിന്റെ മണ്ണില്‍ പിറന്ന കോടിയേരി പാര്‍ട്ടി അധ്യക്ഷ കസേരയില്‍ വീണ്ടും എത്തിയത്. പാര്‍ട്ടിക്കെതിരെയുള്ള എതിരാളികളുടെ ആരോപണങ്ങളും ആക്രമണങ്ങളും ഏറെ കണ്ടയാളാണ് കോടിയേരി, അവിടെയൊന്നും വിറച്ചിട്ടില്ലാത്ത, ശബ്ദം ഇടറിയിട്ടില്ലാത്ത അദ്ദേഹത്തിന് സ്വന്തം വീട്ടിലെ ദുരന്തം ഒരു ആഘാതമാണ്.
അണികളെ വരച്ച വരയില്‍ നിര്‍ത്തുന്ന കേഡര്‍ പാര്‍ട്ടിയുടെ അമരക്കാരനാണ് കോടിയേരിയെങ്കിലും സ്വകാര്യ ദുഖങ്ങളില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഇനി കോടിയേരി വിശ്രമ ജീവിതം നയിക്കുമോ അതോ പാര്‍ട്ടി തലപ്പത്ത് വീണ്ടും എത്തുമോ എന്നാണ് കോടിയേരിയെ സ്‌നേഹിക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം ഉറ്റു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."