സ്വര്‍ണക്കടത്തുകേസില്‍ കുടുങ്ങാത്തതില്‍ നിരാശയുള്ളവരെ ട്രോളി മന്ത്രി ജലീല്‍: ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല, ഇഞ്ചികൃഷിക്കു ഭൂമി വേണമെന്നും പരിഹാസം
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ പ്രതിപ്പട്ടികയില്‍ മന്ത്രി കെ.ടി ജലീല്‍ കുടുങ്ങാത്തതില്‍ നിരാശയുള്ളവരെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍. ഇഞ്ചി കൃഷിക്ക് അനുയോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുണ്ടെങ്കില്‍ അറിയിക്കണമെന്ന പരിഹാസവും ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
താന്‍ നാട്ടില്‍ തന്നെയുണ്ട്. തന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് തിരികെ നല്‍കിയതായും ജലീല്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണക്കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു സത്യമേവ ജയതെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."