ആഡംബര ഫ്രീക്കന്‍ കോഴിക്കോട്ടുനിന്ന് മോഷ്ടിച്ചത് ബൈക്കിന്റെ കണ്ണാടികള്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് മുബീന് (20) എതിരേ കോഴിക്കോട്ട് ബൈക്കിന്റെ മിറര്‍ മോഷ്ടിച്ചതിനും കേസ്. ബൈക്കില്‍ ഉപയോഗിക്കുന്ന നാലായിരം രൂപ വിലയുള്ള രണ്ടു മിററുകള്‍ കോഴിക്കോട്ടെ ഷോറൂമില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പൊലിസ് കണ്ടെത്തി.
എകദേശം രണ്ടുലക്ഷേത്താളം വിലവരുന്ന ആഡംബര ബൈക്കായ ആര്‍.സി ഡ്യൂക്ക് 200ലാണ് ഫയാസ് മുബീന്റെ കറക്കം. അതാകട്ടെ മോഷ്ടിച്ചതും. മൂന്നുമാസം മുന്‍പ് എറണാകുളത്തെ ഷോറൂമില്‍നിന്ന് ഫയാസ് മുബീനും സുഹൃത്തും ചേര്‍ന്നാണ് ആഡംബര ബൈക്ക് കവര്‍ന്നത്. നമ്പര്‍ മാറ്റിയാണു ബൈക്ക് ഉപയോഗിച്ചിരുന്നത്. ഈ ബൈക്കില്‍ കറങ്ങുന്നതിനും ആഡംബരജീവിതം നയിക്കുന്നതിനും ഫയാസ് പെണ്‍കുട്ടികളെയും സ്ത്രീകളെയും വലയിലാക്കി പണം കണ്ടെത്തുകയായിരുന്നു.
5,000 ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ രണ്ടായിരത്തിലധികം പെണ്‍സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടികളെ വലയിലാക്കുക, ബൈക്കില്‍ അവരെയും കൊണ്ട് കറങ്ങുക എന്നതാണ് ഇയാളുടെ രീതിയെന്നു പൊലിസ് പറയുന്നു. ആഡംബര കാറിനൊപ്പം നിന്ന് ഫോട്ടോ എടുക്കുക, വിലകൂടിയ കാമറകള്‍ കൈകളില്‍ വച്ച് ഫോട്ടോ എടുത്ത് 'റിച്ചാ'ണെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്തിയാണ് വലയില്‍ വീഴ്ത്തല്‍. പെണ്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാരെ വരെ മുബീന്റെ വലയില്‍ വീണിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ അടുത്തദിവസം തന്നെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് തെളിവെടുക്കാനാണ് തീരുമാനം. ചേവായൂര്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയെന്നാണ് മുബീനെതിരേ ഇപ്പോള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മുബീന്‍ വന്‍ സ്രാവാണെന്ന് പൊലിസിനു ബോധ്യമായത്.
മംഗലാപുരത്തുവച്ചാണ് മുബീനെ ചേവായൂര്‍ പൊലിസ് പിടികൂടിയത്. പത്തു മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു മുബീന്‍. ഇതിനിടെയാണ് ചേവായൂര്‍ സ്വദേശിയായ പതിനേഴുകാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. വേദികളില്‍ ഡാന്‍സ് ചെയ്ത് ഗാനം ആലപിക്കുന്ന ഡി.ജെ എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയിലാക്കിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും നാടുവിടുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെയാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലിസിനു ലഭിച്ചത്. പെണ്‍കുട്ടി വീട്ടില്‍നിന്നു കൊണ്ടുവന്ന പണം ഉപയോഗിച്ചാണു പെട്രോള്‍ നിറച്ചതും ആഡംബര ഹോട്ടലുകളില്‍ താമസിച്ചതും.
അതേസമയം ഫേസ്ബുക്കില്‍ വ്യാജ ഡി.ജെയായി വേഷമിട്ട ഫയാസ് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിലെ അംഗമാണെന്ന് പൊലിസ് പറഞ്ഞു. കുമ്പളയിലെ രണ്ട് സെന്റിലെ കൂരയിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. വീടിനടുത്ത ആഡംബര ഹോട്ടലില്‍ ഡി.ജെയാണെന്നു പറഞ്ഞാണ് ഇയാള്‍ ഏവരെയും ആകര്‍ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."