ഇരിട്ടിയില്‍ രാത്രി സര്‍വിസിനോട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 'അയിത്തം'
ഇരിട്ടി: ഇരിട്ടി ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ രാത്രി സര്‍വിസിന് വിസമ്മതിക്കുന്നതായി വ്യാപക പരാതി. പഴയ ബസ് സ്റ്റാന്‍ഡ് ജില്ലാ ബാങ്കിന് സമീപവും ഓട്ടോ സ്റ്റാന്‍ഡിലും നിര്‍ത്തിയിടുന്ന ഓട്ടോക്കാരാണ് രാത്രിയില്‍ സവാരി നടത്താന്‍ വിസമ്മതിക്കുന്നത്.
ഇരിട്ടിയില്‍നിന്ന് അടുത്ത പ്രദേശങ്ങളിലേക്ക് ട്രിപ്പ് വിളിക്കുമ്പോഴാണ് ചില ഓട്ടോ ഡ്രൈവര്‍മാര്‍ ആ ഭാഗത്ത് സര്‍വിസ് നടത്താന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. ദീര്‍ഘ ദൂര യാത്രക്കാര്‍ മാത്രമേ തങ്ങളുടെ ഓട്ടോയില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്ന നിലപാടാണ് ഓട്ടോ ഡ്രൈവര്‍ സ്വീകരിക്കുന്നത്.
പുലര്‍ച്ചയ്ക്കും മറ്റും ദീര്‍ഘദൂരയാത്ര കഴിഞ്ഞ് കുടുംബസമേതം ഇരിട്ടിയില്‍ ബസിറങ്ങി ഓട്ടോയ്ക്ക് വിളിക്കുന്ന യാത്രക്കാര്‍ക്ക് ഇത് ദുരിതമാവുകയാണ്. രാത്രിയിലും പുലര്‍ച്ചെയും അസുഖവുമായി ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ട്രിപ്പു വിളിച്ചാല്‍ മിക്ക ഓട്ടോറിക്ഷ ഡ്രൈവര്‍മാരും സര്‍വിസ് നടത്താറില്ല. ഇതിനെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊലിസിനും വകുപ്പു മേധാവികള്‍ക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് സന്നദ്ധ സംഘടനകളും യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."