കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഏഴ് മുതല്‍ 11 സെന്റീ മീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്. കേരളതീരത്തും ലക്ഷദ്വീപിലും ഇന്ന് അര്‍ധരാത്രി മൂന്ന് മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതായി ദേശീയ സമുദ്ര പര്യവേഷണ ഗവേഷണ പഠന കേന്ദ്രവും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
കാലവര്‍ഷത്തിന്റെ ഭാഗമായി മികച്ച മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. അഞ്ചു സെന്റീ മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. വൈക്കം, പിറവം, എറണാകുളം സൗത്ത്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തൃത്താല എന്നിവിടങ്ങളില്‍ നാലും കൊച്ചി, പെരുമ്പാവൂര്‍, വെള്ളാനിക്കര, ഹരിപ്പാട്, ഒറ്റപ്പാലം, പട്ടാമ്പി, വടകര, വൈത്തിരി എന്നിവിടങ്ങളില്‍ മൂന്നും സെന്റീ മീറ്റര്‍ മഴ രേഖപ്പെടുത്തി.
ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ 203.97 സെന്റീ മീറ്റര്‍ മഴയാണ് കേരളത്തിന് കിട്ടേണ്ടത്. എന്നാല്‍ ഇക്കുറി തുടക്കത്തില്‍ തന്നെ 34 ശതമാനം മഴക്കുറവാണ് കാലവര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."