വയനാട്-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത ഹര്‍ത്താല്‍ പൂര്‍ണം; മൂലങ്കാവില്‍ സംഘര്‍ഷം ആറുപേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: വയനാട്-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ ജില്ലയില്‍ യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പൊതുവെ സമാധാനപരമായിരുന്നു ഹര്‍ത്താല്‍.
ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മൂലങ്കാവില്‍ ഹര്‍ത്താലനുകൂലികളും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷമൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ പൊലിസ് സംരക്ഷണത്തില്‍ സര്‍വിസ് നടത്തി. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് സര്‍വിസുകള്‍ രാവിലെ നടത്തിയതൊഴിച്ചാല്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്ന് മറ്റ് സര്‍വിസുകളൊന്നും നടന്നില്ല. യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മൂലങ്കാവില്‍ ഹര്‍ത്താലനുകൂലികളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വൈകിട്ട് അഞ്ചോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആലി, സി.പി.എം മൂലങ്കാവ് ലോക്കല്‍ സെക്രട്ടറി സി.കെ ശ്രീജന്‍(38), തേലംപറ്റ ബ്രാഞ്ച് സെക്രട്ടറി മെജോ(32), രാജേഷ്(42) എന്നിവര്‍ക്കാണ് ആദ്യ സംഘര്‍ഷത്തില്‍ പരുക്കേറ്റത്. ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് ബത്തേരി സി.ഐ എം.ഡി സുനില്‍, സ്റ്റേഷന്‍ ഹൈസ് ഓഫിസര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ ഹര്‍ത്താല്‍ സമയം കഴിഞ്ഞതിന് ശേഷം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിനുജോണിനും ഇന്ദ്രജിത്തിനും മര്‍ദനമേറ്റു. മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരും ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ദ്രജിത്ത് ലോക്‌സഭാ മണ്ഡലം സെക്രട്ടറിയും റിനുജോണ്‍ ബത്തേരി മണ്ഡലം പ്രസിഡന്റുമാണ്. ഇതേതുടര്‍ന്ന് പൊലിസ് പ്രദേശത്ത് ലാത്തി വീശി. വൈകിയും സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ആശുപത്രി, വിവാഹം തുടങ്ങിയ ആവശ്യങ്ങളുമായി എത്തിയ യാത്രക്കാരെ സമരക്കാര്‍ കടത്തിവിട്ടെങ്കിലും മറ്റ് യാത്രക്കാരെ അല്‍പനേരം തടഞ്ഞതിന് ശേഷമാണ് കടത്തിവിട്ടത്. സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഹാജര്‍നില നന്നേ കുറവായിരുന്നു.
പി.എസ്.സി പരീക്ഷക്കായി കല്‍പ്പറ്റയിലെത്തിയവര്‍ക്ക് ഉച്ചക്ക് ശേഷം സമരാനുകൂലികളായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെ വിവിധ വാഹനങ്ങള്‍ സംഘടിപ്പിച്ച് നല്‍കി. ബത്തേരി താലൂക്കില്‍ ഇരുളം വില്ലേജ് ഓഫിസ് മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. മറ്റ് വില്ലേജ് ഓഫീസുകള്‍ ഹര്‍ത്താലനുകൂലികളെത്തി അടപ്പിച്ചിതായി തഹസില്‍ദാര്‍ അറിയിച്ചു. ഹര്‍ത്താലണെന്നറിയാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ യാത്രക്കാരും വിനോദ സഞ്ചാരികളുമാണ് ഏറെ വലഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."