പൊള്ളലേറ്റ വിദേശികള്‍ക്ക് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
ജിദ്ദ: സഊദിയില്‍ അഗ്‌നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നു വിദേശികള്‍ക്ക് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്.
സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പൊള്ളലേറ്റ തൊഴിലാളികളെ ആംബുലന്‍സുകളില്‍ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ അവിടെ അപ്പോള്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ ജോയന്റ് ഓപറേഷന്‍സ് റൂം വഴി ഏകോപനം നടത്തി തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിലേക്ക് നീക്കുന്നതിന് തീരുമാനിച്ചു.
ഇതു പ്രകാരം ആംബുലന്‍സുകളില്‍ എത്തിച്ച തൊഴിലാളികളെ സ്വീകരിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ല. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ആശുപത്രി ഇവര്‍ക്ക് ചികിത്സ നിഷേധിച്ചത്.
ഇതേത്തുടര്‍ന്ന് മൂവരെയും ആംബുലന്‍സുകളില്‍ ഖമീസ് മുഷൈത്ത് സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പൊള്ളലേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗമില്ലാത്തതിനാല്‍ സിവില്‍ ആശുപത്രിയിലും വിദേശികളെ അഡ്മിറ്റ് ചെയ്തില്ല. ഇവരെ വീണ്ടും അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ തന്നെ എത്തിച്ചു. 11 മണിക്കൂറിലേറെ നേരം ചികിത്സ ലഭിക്കാതെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോയ ശേഷമാണ് പൊള്ളലേറ്റവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത തിരക്കു മൂലമാണ് വിദേശികളെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കാതിരുന്നതെന്ന് അസീര്‍ ആരോഗ്യ വകുപ്പ് വക്താവ് സഈദ് അല്‍നുഖൈര്‍ പറഞ്ഞു. നിയമ പ്രകാരം ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് തടസമില്ല. സ്വകാര്യ ആശുപത്രി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് ഏകോപനം നടത്തിയാണ് മൂവരെയും ആംബുലന്‍സുകളില്‍ അവിടെയെത്തിച്ചത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മൂവരെയും അഡ്മിറ്റ് ചെയ്യുന്നതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് അവരെ സ്വീകരിക്കുന്നതിന് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വീകരിച്ച് അടിയന്തര ചികിത്സകള്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ ബാധ്യസ്ഥരാണ്. പൊള്ളലേറ്റവര്‍ക്ക് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് അസീര്‍ ആരോഗ്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ഹബ്ദാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."