മഹാരാഷ്ട്രയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. പൂനെ- ബംഗളൂരു ദേശീയപാതയില്‍ സത്താറയ്ക്കടുത്ത് ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ തരാളി നദിക്ക് കുറുകെയുള്ള പാലത്തില്‍നിന്ന് താഴേക്ക് മറിയുകയായിരുന്നു. 50 അടി താഴെ തരാളി നദിക്കരയിലേക്കാണ് വാഹനം മറിഞ്ഞത്.
തൃശൂര്‍ പുല്ലഴി സ്വദേശികളായ നവി മുംബൈയിലെ സെക്ടര്‍ 16 വഷിയില്‍ താമസിക്കുന്ന എല്‍.ഐ.സി മാനേജര്‍ മധുസൂദനന്‍ നായര്‍ (42), ഭാര്യ ഉമ നായര്‍ (40), മകന്‍ ആദിത്യ നായര്‍ (23), സെക്ടര്‍ 4 കോപ്പര്‍ കൈരനെയില്‍ താമസിക്കുന്ന സാജന്‍ നായര്‍ (35), മകന്‍ ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ രിങ്കു സാജന്‍ ഗുപ്ത (30), ദിവ്യ മോഹന്‍ (30), സിജിഷ് ശിവദാസന്‍ (28), ദീപ നായര്‍ (32), ദീപ്തി മോഹനന്‍ (28), അര്‍ച്ചന നായര്‍ (25), ലീല മോഹന്‍ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും വര്‍ഷങ്ങളായി മുംബൈയിലാണ് താമസിക്കുന്നത്.
അവധിദിവസം ആഘോഷിക്കാനായി ഗോവയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച രാത്രിയാണ് ഒരേകുടുംബത്തില്‍പ്പെട്ട ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജനവാസമില്ലാത്ത സ്ഥലമാണ് അപകടം നടന്ന പ്രദേശം. പരുക്കേറ്റ ഒരാളാണ് പൊലിസിനെ ഫോണില്‍ വിളിച്ച് അപകടവിവരം അറിയിച്ചത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് സൂചന. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."