അട്ടിമറി ശ്രമം: എത്യോപ്യയില്‍ സൈനിക മേധാവിയെ വെടിവച്ചുകൊന്നു
അഡിസ് അബാബ: എത്യോപ്യന്‍ സൈനിക തലവന്‍ സിയറെ മെകോന്നനെ അംഗ രക്ഷകന്‍ വെടിവച്ചുകൊന്നു.
തലസ്ഥാനമായ അഡിസ് അബാബയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. വടക്കന്‍ മേഖലയായ അംഹാരയിലെ പട്ടാള അട്ടമറി ശ്രമം തടയാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന ശത്രുക്കള്‍ക്കെതിരേ ജനങ്ങള്‍ ഒരുമിക്കണമെന്ന് അദ്ദേഹം ടെലിവിഷനിലൂടെ രാജ്യത്തോട് ആവശ്യപ്പെട്ടു. സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ അറിയിച്ചു.
മറ്റൊരു സൈനിക ജനറലായ ഗെസായി അബേറക്കൊപ്പം സ്വവസതിയില്‍ വച്ചാണ് സിയറെ മെകോന്നന് നേര്‍ക്ക് അംഗ രക്ഷകന്‍ വെടിയുതിര്‍ത്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അംഹാരയിലെ പ്രദേശിക ഗവര്‍ണര്‍ അംബച്ചിയോയും അദ്ദേഹത്തിന്റെ ഉപദേശകന്‍ ഇസേസ് വേസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെ അംഹാര തലസ്ഥാനമായ ബഹിര്‍ ദറിലാണ് ആക്രമണമുണ്ടായത്. അട്ടിമറി ആസൂത്രണം ചെയ്ത അംഹാര സുരക്ഷാ തലവന്‍ ജനറല്‍ അസാമിന്യേ ടിസഗെയയാണ് ഇരുവരുടേയും കൊലപാതകത്തിന് പിന്നിലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ബില്ലെന സിയോം പറഞ്ഞു.
ബഹിര്‍ ദറിലെ യോഗത്തിനിടയിലേക്ക് എത്തിയ അസാമിന്യോ ഗവര്‍ണര്‍ക്കും ഉപദേശകനും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
സൈനിക തലവനും ഗവര്‍ണര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും വക്താവ് പറഞ്ഞു. സൈന്യത്തിനിടയില്‍ ഭിന്നതയുണ്ടാക്കാനാണ് അട്ടിമറി ശ്രമമെന്ന് എത്യോപ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടാള അട്ടിമറിക്ക് ശ്രമിച്ച ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്‌തെന്ന് അംഹാരയിലെ പ്രത്യേക സേന തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ടെഫേര മേമോ പറഞ്ഞു. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ തമ്മില്‍ ശക്തമായ സംഘര്‍ഷമുള്ള പ്രദേശമാണ് അംഹാര.
അംഹാര, ഗുമുസ് വിഭാഗങ്ങള്‍ക്കിടിയിലാണ് സംഘര്‍ഷങ്ങള്‍. കഴിഞ്ഞ മാസം ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതനായ ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍പ്പെട്ടയാളാണ് അസാമിന്യേ ടിസഗെ. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
പട്ടാള അട്ടമറി ശ്രമത്തെ തുടര്‍ന്ന് നേരത്തെ ഒന്‍പത് വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."