'പെരിയാറിന് ഒരു ഇല്ലിത്തണല്‍'; ജനകീയ കാംപയിനുമായി സി.പി.എം
കൊച്ചി : പെരിയാറിന് ഇനി ഇല്ലിക്കാടുകള്‍ തണലും കാവലുമൊരുക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയാറിന്റെ ഇരുകരകളിലുമായി 20,000 ഇല്ലിതൈകള്‍ നടുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെരിയാറിന് ഒരു ഇല്ലിത്തണല്‍ എന്ന പേരിലാകും പരിപാടി. ജില്ലയില്‍ പെരിയാര്‍ കൈവഴികളടക്കം 100 കിലോമീറ്ററാണ് ഒഴുകുന്നത്. ഇതിന്റെ ഇരുവശങ്ങളിലുമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും അണിനിരക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് പെരിയാറിന്റെ തീരങ്ങളില്‍ തൈകള്‍ നടും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. ആലുവയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അണിനിരക്കും. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് നടുവാനുള്ള ഇല്ലിതൈകള്‍ നല്‍കും. പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ഇത്രവിപുലമായ ജനകീയ കാംപയിന്‍ ഇതാദ്യമാണെന്ന് പി രാജീവ് പറഞ്ഞു.
പരിപാടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് ഏരിയാ കേന്ദ്രങ്ങളില്‍ പെരിയാര്‍ സംരക്ഷണസദസ് സംഘടിപ്പിക്കും. പെരിയാറിന്റെ തീരങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുമതിയോടെയാകും ഇല്ലി നടുക. ഇതിന്റെ പരിപാലത്തിനായി പ്രാദേശിക തലത്തില്‍ കമ്മിറ്റികളെ ചുമതലപ്പെടുമെന്നും പി രാജീവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."